sa-bobde

ന്യൂഡൽഹി: സുപ്രീംകോടതിയുടെ അടുത്ത ചീഫ്ജസ്റ്റിസായി ജസ്റ്റിസ് എസ്.എ ബോബ്ഡെയെ നിയമിക്കണമെന്ന് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് കേന്ദ്രനിയമ മന്ത്രാലയത്തിന് ശുപാർശ നൽകി. നിലവിൽ സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്‌ജിയാണ്. ഉത്തരവ് അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങും. 2021 ഏപ്രിൽ 23വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്.

ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നവംബർ 17ന് വിരമിക്കും. 47ാമത് ചീഫ്ജസ്റ്റിസായി നവംബർ 18ന് ബോബ്ഡെ ചുമതലയേൽക്കും. രഞ്ജൻഗോഗോയ് 2018 ഒക്ടോബർ മൂന്നിനാണ് സ്ഥാനമേറ്റത്.

മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ശരദ് അരവിന്ദ് ബോബ്ഡെ എന്ന എസ്.എ ബോബ്ഡെയുടെ ജനനം. നാഗ്പുർ സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടി.1978ൽ മഹാരാഷ്ട്ര ബാർ കൗൺസിലിൽ എൻറോൾ ചെയ്തു. ബോംബെ ഹൈക്കോടതിയിലെ നാഗ്പുർ ബെഞ്ചിൽ 21 വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 1998ൽ മുതിർന്ന അഭിഭാഷക പദവി ലഭിച്ചു. 2000 മാർച്ച് 29ന് ബോംബെ ഹൈക്കോടതി അഡിഷണൽ ജഡ്‌ജിയായി. 2012 ഒക്ടോബർ 16ന് മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ്ജസ്റ്റിസ്. 2013 ഏപ്രിൽ 12ന് സുപ്രീംകോടതി ജഡ്‌ജിയായി. മഹാരാഷ്ട്ര ദേശീയ നിയമ സർവകലാശാലയുടെ ചാൻസലറുമാണ്.


അയോദ്ധ്യ ബാബ്റി മസ്ജിദ് രാമജന്മഭൂമി തർക്ക കേസ് ഉൾപ്പെടെ സുപ്രധാന ബെഞ്ചുകളിൽ അംഗമാണ്. മുൻ ജീവനക്കാരി ഉന്നയിച്ച ലൈംഗികാരോപണത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്ക് ക്ലിൻചിറ്റ് നൽകിയ മൂന്നംഗ സമിതിയുടെ അദ്ധ്യക്ഷനായിരുന്നു.