ayodhya-

ന്യൂഡൽഹി:അയോദ്ധ്യയിലെ തർക്ക സ്ഥലം പൂർണമായി ശ്രീരാമക്ഷേത്രം നിർമ്മിക്കാൻ വിട്ടു നൽകണമെന്നും അവിടെ പള്ളി പണിയാൻ അനുവദിക്കില്ലെന്നും കേസിലെ കക്ഷിയായ രാംലല്ല വിരാജ്മാൻ അടക്കമുള്ള ഹിന്ദു കക്ഷികൾ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. രാമജന്മ ഭൂമിയുടെ നിയമസാധുത ചോദ്യം ചെയ്‌ത നിർമോഹി അഖാഡയ്‌ക്ക് സ്ഥലം അനുവദിക്കരുതെന്നും രാംലല്ല വിഭാഗം ആവശ്യപ്പെടുന്നു.

നാൽപ്പത് ദിവസത്തെ അന്തിമ വാദത്തിന് ശേഷം ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയിയുടെ ഭരണഘടനാ ബെഞ്ച് കൂടുതൽ വാദങ്ങൾ മൂന്നു ദിവസങ്ങൾക്കുള്ളിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടതു പ്രകാരമാണ് സത്യവാങ്മൂലം സമർപ്പിച്ചത്. വാദങ്ങൾ ഇങ്ങനെ:

രാംലല്ല വിരാജ്‌മാൻ

അയോദ്ധ്യ തീർത്ഥാടന നഗരമാണ്. അവിടെ ക്ഷേത്രമോ, വിഗ്രഹമോ ഇല്ലെങ്കിലും ഹിന്ദുക്കൾക്ക് ദൈവീകമായ പ്രധാന്യമുണ്ട്. തർക്കസ്ഥലത്ത് പള്ളി പുനർനിർമ്മിക്കുന്നത് നീതിനിഷേധവും ഹിന്ദു ധർമ്മത്തിനും ഇസ്ളാമിക് നിയമത്തിനും എതിരുമാണ്. ബാബറി മസ്‌ജിദ് നിലവിൽ ഇല്ലാത്തതിനാൽ തർക്കസ്ഥലം തുല്യമായി വീതിക്കണമെന്ന വാദത്തിന് അടിസ്ഥാനമില്ല. തർക്കസ്ഥലം ഒന്നായി നിലനിറുത്തേണ്ടതാണ്. അതു വിഭജിക്കാൻ പാടില്ല. അവിടെ രാമജന്മഭൂമി എന്ന നിലയ്‌ക്ക് ആരാധനയ്‌ക്ക് സാഹചര്യമുണ്ടാകണം. രാമക്ഷേത്രം മാത്രമേ അനുവദിക്കാവൂ എന്ന് രാമജൻമഭൂമി പുനരുദ്ധാര സമിതിയും ആവശ്യപ്പെട്ടു.

നിർമോഹി അഖാഡ

അന്തിമ വിധി ഹിന്ദുക്കൾക്ക് അനുകൂലമാണെങ്കിൽ തർക്ക സ്ഥലത്തെ വിഗ്രഹത്തിൽ പൂജ നടത്താനുള്ള അവകാശം നിലനിറുത്തണം. ക്ഷേത്രം നിർമ്മിച്ചാൽ അവിടെയും തങ്ങൾക്ക് അവകാശം വേണം. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാംലല്ല എന്നിവയ്‌ക്ക് തുല്യമായി തർക്കസ്ഥലം വീതിക്കണമെന്ന 2010ലെ അലഹബാദ് ഹൈക്കോടതി വിധി ശരിവയ്‌ക്കുകയും മുസ്ളീം കക്ഷികൾ സ്ഥലം വേണ്ടെന്നും വയ്‌ക്കുകയും ചെയ്‌താൽ ക്ഷേത്ര നിർമ്മാണത്തിനായി പാട്ടത്തിന് നൽകണം. തർക്കസ്ഥലത്തിന് വെളിയിൽ പള്ളി പണിയാൻ സർക്കാർ സ്ഥലം അനുവദിക്കണം.

പൂജാരി കുടുംബം

രാമലല്ല വിഗ്രഹത്തിൽ ആരാധന നടത്താനുള്ള ഭരണഘടനാപരമായ അവകാശം നിലനിറുത്തണമെന്ന് പൂജാരി കുടുംബത്തിന്റെ പ്രതിനിധി ഗോപാൽ സിംഗ് വിശാരദ്.

ഹിന്ദു മഹാസഭ

തർക്കസ്ഥലത്ത് രാമക്ഷേത്രം നിർമ്മിച്ച് അതിന്റെ നിയന്ത്രണം സുപ്രീംകോടതി നിയമിക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിലുള്ള ട്രസ്‌റ്റിനെ ഏൽപ്പിക്കണം.

 ഷിയാ വഖഫ് ബോർഡ്

തർക്കസ്ഥലം ഹിന്ദുക്കൾക്ക് കൈമാറണം. തർക്കസ്ഥലത്തിന്റെ യഥാർത്ഥ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്നും സുന്നി വഖഫ് ബോർഡിന്റെ വാദം തെറ്റാണ്.

സുന്നി വഖഫ് ബോർഡ്

ബാബറി മസ്‌ജിദ് തർക്കപ്പെട്ട 1992 ഡിസംബർ ആറിന് മുമ്പുള്ള സ്ഥിതി നിലനിറുത്തി പള്ളി പുനർനിർമ്മിക്കണം.