vijay

ന്യൂഡൽഹി : ബി.എസ്.എഫ് ജവാനെ വധിച്ചത് ബംഗ്ലാദേശ് ബോർഡർ ഗാർഡ്‌സിന്റെ തെറ്റിദ്ധാരണ മൂലമാണെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ. ആവശ്യമെങ്കിൽ സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിക്കാൻ തയാറാണെന്നും അസദുസമാൻ ഖാൻ പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിൽ ബി.എസ്.എഫ് ജവാൻ വിജയ് ബാൻ സിംഗ് ബംഗ്ലാദേശ് സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മറ്റൊരു ജവാന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

തങ്ങളുടെ പിടിയിലായ ഇന്ത്യൻ മീൻപിടിത്തക്കാരനെ മോചിപ്പിക്കാൻ അതിക്രമിച്ച് എത്തിയതാണെന്ന് കരുതി സ്വയംപ്രതിരോധത്തിന്റെ ഭാഗമായാണ് വെടിവെച്ചതെന്ന് ബംഗ്ലാദേശ് ബോർഡർ ഗാർഡ്‌സ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, യാതൊരു പ്രകോപനവും കൂടാതെയാണ് ബോർഡർ ഗാർഡ്‌സ് വെടിവെച്ചതെന്നും തങ്ങൾ തിരിച്ചടിക്ക് മുതിർന്നില്ലെന്നും ബി.എസ്.എഫ് വ്യക്തമാക്കിയിരുന്നു.

പ്രകോപനം കൂടാതെ വെടിവെച്ചത് കടന്ന കൈയ്യാണെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ബി.എസ്.എഫ് മേധാവി വി.കെ. ജോഷ്രി ബി.ജി.ബി മേധാവി ഷഫീനുൽ ഇസ്ലാമുമായി ഫോണിലൂടെ സംസാരിച്ചിരുന്നു.