ന്യൂഡൽഹി: ഹരിയാനയിൽ ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസ് പാടുപെടുമ്പോൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഹരിയാനയിലെ മഹേന്ദ്രഗഡിൽ റാലിയിൽ പങ്കെടുത്ത് ഡൽഹിയിൽ മടങ്ങാനൊരുങ്ങവെ മോശം കാലാവസ്ഥ മൂലം ഹെലികോപ്‌ടറിന് എത്താനായില്ല. ഹെലികോപ്ടർ യാത്ര ഉപേക്ഷിച്ച് റോഡ് മാർഗം ഡൽഹിയിലേക്ക് മടങ്ങാൻ വാഹനം കാത്തിരിക്കുമ്പോഴാണ് പരിസരത്ത് കുട്ടികൾ ക്രിക്കറ്റ് പ്രാക്‌ടീസ് ചെയ്യുന്നത് രാഹുൽ കണ്ടത്. അവിടെ ചെന്ന രാഹുൽ കുട്ടികളോട് പന്തെറിയാൻ ആവശ്യപ്പെടുകയും ബാറ്റിംഗിലെ തന്റെ കഴിവ് പുറത്തെടുക്കുകയും ചെയ്‌തു. കവർ ഡ്രൈവ് അടക്കം ക്രിക്കറ്റ് ഷോട്ടുകൾ പായിച്ച് രാഹുൽ കയ്യടി നേടി.
മഹേന്ദ്രഗഡിലെ റാലിയിൽ മോദി സർക്കാരിനെ ആക്രമിച്ചാണ് രാഹുൽ സംസാരിച്ചത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി അനുദിനം മോശമാകുകയാണെന്നും അതു പരിഹരിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങൾ മോഷ്‌ടിച്ച് വിമർശനങ്ങൾക്ക് മറയിടാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.