ന്യൂഡൽഹി:വിദേശയാത്രകളിലടക്കം കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ എസ്.പി.ജി സുരക്ഷയിൽ വീഴ്ചയുണ്ടെന്ന് കേന്ദ്രസർക്കാർ വിലയിരുത്തൽ. വിദേശയാത്രകളിൽ എസ്.പി.ജി സുരക്ഷ ഉപയോഗിക്കാൻ രാഹുൽ വിമുഖത കാട്ടുന്നുവെന്നും ഇന്ത്യയിലെ യാത്രകളിൽ ദിവസം ഒരു തവണയെങ്കിലും ബുള്ളറ്റ് പ്രൂഫ് വാഹനം ഒഴിവാക്കിയാണ് സഞ്ചരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. രാഹുലിന്റെ സുരക്ഷ കേന്ദ്രം വിലയിരുത്തിയപ്പോഴാണ് വീഴ്ചകൾ കണ്ടെത്തിയത്.
2017 ആഗസ്റ്റിൽ ഗുജറാത്തിലെ ബനസ്കന്ദയിൽ രാഹുലിന്റെ സ്വകാര്യ കാറിന് നേരെ കല്ലേറുണ്ടായി എസ്.പി.ജി ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. വിഷയം പാർലമെന്റിൽ ഉന്നയിച്ച കോൺഗ്രസിന്, 2015 - 2017 കാലത്തെ 121 യാത്രകളിൽ നൂറിലും രാഹുൽ എസ്.പി.ജി ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിച്ചില്ലെന്ന മറുപടിയാണ് അന്നത്തെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയിൽ നൽകിയത്.
രാഹുൽ പ്രോട്ടോക്കാൾ പാലിക്കുന്നില്ലെന്നും വിമർശനമുണ്ട്. വിദേശയാത്രകളിൽ എസ്.പി.ജി സുരക്ഷ നിർബന്ധമല്ലെന്ന് ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. വിശിഷ്ടവ്യക്തികളുടെ സുരക്ഷയൽ വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമായ ചട്ടങ്ങളുണ്ട്. ചില രാജ്യത്ത് ആയുധം കൊണ്ടുപോകാൻ അനുവാദമില്ല.
ഗാന്ധി കുടുംബം വിദേശയാത്ര നടത്തുമ്പോൾ എസ്.പി.ജി സുരക്ഷ നിർബന്ധമാക്കാൻ അടുത്തിടെ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കോൺഗ്രസ് വിമർശിച്ചിരുന്നു.
വീഴ്ചകൾ ഇങ്ങനെ
1991 മുതലുള്ള രാഹുലിന്റെ 156 വിദേശ സന്ദർശനങ്ങളിൽ എസ്.പി.ജി സുരക്ഷ ഒഴിവാക്കിയത് 143 തവണ
ഡൽഹിയിൽ 2015 മുതൽ ബുള്ളറ്റ് പ്രൂഫ് അല്ലാത്ത വാഹനത്തിൽ സഞ്ചരിച്ചത് 1,892 തവണ
ഇക്കൊല്ലം ഡൽഹിക്ക് പുറത്തേക്കുള്ള യാത്രകളിൽ 247 തവണ ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിച്ചില്ല
യു.പി.എ ഭരിച്ച 2005 - 2014ൽ രാജ്യത്ത് ബുള്ളറ്ര് പ്രൂഫ് അല്ലാത്ത വാഹനത്തിൽ യാത്ര ചെയ്തത് 18 തവണ
നാലുപേർക്ക് മാത്രം
പ്രധാനമന്ത്രി നരേന്ദ്രമോദി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കുടുംബാംഗങ്ങളെന്ന നിലയിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കു മാത്രമാണ് രാജ്യത്ത് എസ്.പി.ജി സുരക്ഷയുള്ളത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ എസ്.പി.ജി സുരക്ഷ അടുത്തിടെ പിൻവലിച്ചു. മൻമോഹന് ഇസെഡ് പ്ലസ് സുരക്ഷയാണ് ഇപ്പോഴുള്ളത്.
ഇന്ദിരാഗാന്ധിയുടെ വധത്തിന് പിന്നാലെ 1985ലാണ് എസ്.പി.ജി രൂപീകരിച്ചത്.