ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യം ഉറ്റുനോക്കുന്ന മഹാരാഷ്ട്ര , ഹരിയാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ ഏഴുമുതൽ പോളിംഗ് ആരംഭിക്കും. കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളുൾപ്പെടെ രാജ്യത്തെ 18 സംസ്ഥാനങ്ങളിലായുള്ള 51 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കും. വ്യാഴാഴ്ചയാണ് ഫലപ്രഖ്യാപനം.
ബീഹാറിലെ സമസ്തിപുർ, മഹാരാഷ്ട്രയിലെ സത്ര എന്നിവയാണ് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ. കേന്ദ്രമന്ത്രി രാംവിലാസ് പാസ്‌വാന്റെ സഹോദരനും എൽ.ജെ.പി നേതാവുമായ രാമചന്ദ്രപാസ്‌വാന്റെ നിര്യാണത്തെ തുടർന്നാണ് സമസ്തിപുരിൽ ഉപതിരഞ്ഞെടുപ്പ്. എൻ.സി.പി എം.പിയായിരുന്ന ഉദയൻരാജെ ബോസ്‌ലെ രാജിവച്ച് ബി.ജെ.പിയിൽ ചേർന്നതോടെയാണ് സത്രയിൽ വീണ്ടും തിരഞ്ഞെടുപ്പ് . ബോസ്‌ലെ തന്നെയാണ് ബി.ജെ.പി സ്ഥാനാർത്ഥി. മുൻ സിക്കിം ഗവർണറായ ശ്രീനിവാസ് പാട്ടീലിനെയാണ് എൻ.സി.പി മത്സരിപ്പിക്കുന്നത്. വിമത കോൺഗ്രസ് ജെ.ഡി.എസ് എം.എൽ.എമാരെ സ്പീക്കർ അയോഗ്യരാക്കിയതിനെ തുടർന്ന് ഒഴിവുവന്ന കർണാടകയിലെ 15 നിയമസഭ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി. സുപ്രീംകോടതിയിൽ വിമതർ നൽകിയ ഹർജിയിൽ തീരുമാനം വരുന്നത് വരെയാണ് നീട്ടിയത്.
നിയമസഭാ ഉപതിരഞ്ഞെടുപ്പ് അങ്കങ്ങൾ
അരുണാചൽപ്രദേശ് (1)
അസാം (4)
ബീഹാർ (5)
ഛത്തീസ്ഗഢ് (1)
ഗുജറാത്ത് (6)
ഹിമാചൽപ്രദേശ് (2)
മദ്ധ്യപ്രദേശ് (1)
മേഘാലയ (1)
ഒഡിഷ (1)
പുതുച്ചേരി (1)
പഞ്ചാബ് (4)
രാജസ്ഥാൻ (2)
സിക്കിം (3),
തമിഴ്നാട് (2),
തെലുങ്കാന (1),
ഉത്തർപ്രദേശ് (11)
വിധിയെഴുതാൻ,
ഹരിയാനയിൽ 1.82 കോടി
മഹാരാഷ്ട്രയിൽ 8.9 കോടി
മഹാരാഷ്ട്രയിൽ 288, ഹരിയാനയിൽ 90 മണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. ആർട്ടിക്കിൾ 370 ഭേദഗതി ചെയ്ത് ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, ദേശസുരക്ഷ എന്നിവ കേന്ദ്രകരീച്ചായിരുന്നു ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും ഉയർത്തിയാണ് കോൺഗ്രസുൾപ്പെടെയുള്ള പ്രതിപക്ഷം പ്രധാനമായും പ്രചരണം നടത്തിയത്. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും ഹരിയാനയിൽ മനോഹർലാൽ ഖട്ടറിനെയും മുന്നിൽനിറുത്തി തന്നെയാണ് ബി.ജെ.പി ഭരണതുടർച്ച തേടുന്നത്.
ഹരിയാനയിൽ ബി.ജെ.പി,കോൺഗ്രസ് ,ഐ.എൻ.എൽ.ഡി, ജെ.ജെ.പി എന്നിവർ തമ്മിലാണ് പ്രധാന പോരാട്ടം. പ്രതിപക്ഷം ഭിന്നിച്ചുനിൽക്കുന്നതിനാൽ നേട്ടമാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. കർണാലിൽ നിന്ന് മനോഹർലാൽ ഖട്ടർ ജനവിധി തേടുന്നു. ഹരിയാനയിൽ മുൻമുഖ്യമന്ത്രി ഭുപീന്ദർ സിംഗ് ഹൂഡയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. മഹാരാഷ്ട്രയിൽ ബി.ജെ.പി 150 സീറ്റിലും പ്രധാന സഖ്യകക്ഷിയായ ശിവസേന 124 സീറ്റുകളിലും മത്സരിക്കുന്നു. കോൺഗ്രസ് 147ലും എൻ.സി.പി 121ലും ജനവിധി തേടുന്നു. സി.പി.ഐ 16ലും സി.പി.എം 8 സീറ്റുകളിലുമുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പുർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നു. ശിവസേന തലവൻ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ മുംബയ് വോർളിയിൽ നിന്ന് ആദ്യമായി മത്സരിക്കുന്നു.