delhi

ന്യൂഡൽഹി : ഡൽഹിയിൽ കോട്ടയം പാമ്പാടി സ്വദേശി ലിസി (55), മകനും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ താത്കാലിക അദ്ധ്യാപകനുമായ അലൻ സ്റ്റാൻലി (27) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ലിസിയുടെ മരണത്തിലെ കൊലപാതകസാദ്ധ്യത പരിശോധിക്കുന്നുണ്ടെന്ന് പൊലീസ്. കൊലപാതക സാദ്ധ്യതയ്ക്കും ആത്മഹത്യയ്ക്കും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞദിവസം വടക്കു - പടിഞ്ഞാറൻ ഡൽഹിയിലെ പിതംപുരയിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ലിസിയുടെ മൃതദേഹം കണ്ടെത്തിയത്. ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയതെങ്കിലും വായിൽ തുണി തിരുകിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് കൊലപാതക സാദ്ധ്യത പരിശോധിക്കുന്നത്. സരായ് റോഹില്ല റെയിൽവെ പാളത്തിലായിരുന്നു അലന്റെ മൃതദേഹം.

ലിസിയുടെ രണ്ടാം ഭർത്താവ് ജോൺ വിൽസണിന്റെ ആത്മഹത്യയിൽ അസ്വഭാവികത ചൂണ്ടിക്കാണിച്ച് കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ ഹൈക്കോടതി നിർദ്ദേശംപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഓൺലൈൻ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ വന്നിരുന്നു. അസ്വസ്ഥനായ അലൻ താൻ ആത്മഹത്യ ചെയ്യുമെന്നും, നിർബന്ധിച്ചിട്ടും അമ്മ അതിന് തയാറാകുന്നില്ലെന്നും പറഞ്ഞതായുള്ള മൊഴി ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. ലിസിയുടെ മൃതദേഹത്തിനരികിൽ നിന്ന് മലയാളത്തിലുള്ള ആത്മഹത്യാ കുറിപ്പ് ലഭിച്ചെങ്കിലും ഉള്ളടക്കത്തെക്കുറിച്ച് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം കുറിപ്പിൽ നാട്ടിലെ കേസിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട മാദ്ധ്യമവാർത്തകളെക്കുറിച്ചും പരാമർശിക്കുന്നതായി സൂചനയുണ്ട്. കുറിപ്പ് ലിസി തന്നെ എഴുതിയതാണോയെന്നും പരിശോധിക്കുന്നുണ്ട്. ഡൽഹി ഐ.ഐ.ടിയിൽ ഫിലോസഫിയിൽ ഗവേഷണം പൂർത്തിയാക്കിയ അലൻ കഴിഞ്ഞ വർഷമാണ് താത്കാലിക അദ്ധ്യാപകനായി ചേർന്നത്. ലിസി രണ്ടു മാസം മുമ്പാണ് ഡൽഹിയിലെത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കൾ ഇന്നലെ ഡൽഹിയിലെത്തി.