ന്യൂഡൽഹി : യാത്രയ്ക്ക് ഇറങ്ങുമ്പോൾ ട്രെയിൻ ഒന്നോ രണ്ടോ മണിക്കൂർ വൈകിയാൽ റെയിൽവേയെ പഴിപറയുന്നവരാണ് നമ്മളിലധികവും. എന്നാൽ കഴിഞ്ഞ ശനിയാഴ്ച തേജസ് എക്സ്‌പ്രസിൽ യാത്ര ചെയ്തവരെല്ലാം ട്രെയിൻ രണ്ട് മണിക്കൂർ വൈകിയിട്ടും റെയിൽവേയെ വാതോരാതെ പുകഴ്ത്തുകയായിരുന്നു. ട്രെയിൻ വൈകിയതിന് യാത്രക്കാർക്കെല്ലാം 250 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചാണ് യാത്രക്കാരെ റെയിൽവേ ഞെട്ടിച്ചത്..
തീർന്നില്ല യാത്രക്കാർക്കെല്ലാം സൗജന്യമായി ഭക്ഷണവും ചായയും നൽകി. റെയിൽവേ അടുത്തിടെ സ്വകാര്യവത്കരിച്ച ആദ്യ ട്രെയിനാണ് തേജസ് എക്സ്‌പ്രസ്.
ലക്‌നൗവിൽനിന്ന് ഡൽഹിയിലേക്ക് പോയ 451 യാത്രക്കാർക്കും തിരികെയുള്ള റൂട്ടിൽ സഞ്ചരിച്ച അഞ്ഞൂറോളം ആളുകൾക്കുമാണ് നഷ്ടപരിഹാരം ലഭിക്കുക. ഷണ്ടിംഗിനിടെ ഒരു കോച്ച് പാളം തെറ്റിയതിനെത്തുടർന്ന് ലക്‌നൗവിൽനിന്ന് പുലർച്ചെ 6.10 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ, 8.55 നാണ് യാത്ര തുടങ്ങിയത്. 12.25 ന് എത്തേണ്ടതിനുപകരം വൈകിട്ട് 3.40 നാണ് എത്തിയത്. തുടർന്ന് മടക്കയാത്രയും വൈകി.
നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിനായി എല്ലാ യാത്രക്കാരുടെയും മൊബൈൽ ഫോണുകളിലേക്ക് ലിങ്ക് അയച്ചിട്ടുണ്ടെന്നും ഇതിൽ ക്ലിക്ക് ചെയ്യുന്നവർക്ക് നഷ്ടപരിഹാരത്തുക ലഭിക്കുമെന്നും ഐ.ആർ.ടി.സി റീജിയണൽ മാനേജർ അശ്വിനി ശ്രീവാസ്തവ പറഞ്ഞു. ഐ.ആർ.ടി.സിയാണ് തേജസ് സർവീസ് നടത്തുന്നത്.
ഒക്ടോബർ നാലിനാണ് സർവീസ് ആരംഭിച്ചത്. ട്രെയിൻ ഒരു മണിക്കൂർ വൈകിയാൽ 100 രൂപയും 2 മണിക്കൂറിലേറെ വൈകിയാൽ 250 രൂപയും നൽകുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.