siachen

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ പർവ്വത നിരകൾ വിനോദ സഞ്ചാരികൾക്കായി കേന്ദ്ര സർക്കാർ തുറന്നുകൊടുത്തു . പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് വിനോദ സഞ്ചാരം അനുവദിച്ചുള്ള പ്രഖ്യാപനം നടത്തിയത്. സിയാച്ചിൻ ബേസ് ക്യാമ്പ് മുതൽ കുമാർ പോസ്റ്റ് വരെയാണ് വിനോദ സഞ്ചാരികൾക്ക് പ്രവേശനം. സമുദ്രനിരപ്പിൽ നിന്ന് 11,000 അടി സഞ്ചരിക്കാം. സൈനികരുടെ അനുമതി ഇല്ലാതെ സ്വതന്ത്രമായി സഞ്ചാരികൾക്ക് സിയാച്ചിൻ സന്ദർശിക്കാം.


സൈനികതാവളങ്ങളും പരിശീലന കേന്ദ്രങ്ങളും സന്ദർശിക്കാനും വിനോദ സഞ്ചാരികൾക്ക് അവസരമൊരുക്കും. 'ടൂറിസത്തിന് അനന്ത സാധ്യതകളുളള പ്രദേശമാണ് ലഡാക്ക്. സിയാച്ചിൻ മലനിരകൾ ഇപ്പോൾ വിനോദസഞ്ചാരികൾക്കായി തുറന്ന് കൊടുത്തിരിക്കുകയാണ്. സിയാച്ചിൻ ബേസ് ക്യാംപ് മുതൽ കുമാർ പോസ്റ്റ് വരെയുള്ള പ്രദേശം വിനോദസഞ്ചാര ആവശ്യങ്ങൾക്കായി ഉപയോഗിക്കാം'' രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. സിയാച്ചിൻ പോലുള്ള തന്ത്രപ്രധാന മേഖലകളിൽ വിനോദ സഞ്ചാരം അനുവദിക്കുന്നതിലൂടെ ജനങ്ങൾക്ക് സൈനികർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് കണ്ട് മനസിലാക്കാൻ സാധിക്കുമെന്ന് കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.


സിയാച്ചിനിലൂടെ ഒരു യാത്ര

തന്ത്രപ്രധാന മേഖല

സിയാച്ചിൻ മനുഷ്യവാസ യോഗ്യമല്ലാത്തതിനെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള 1972ലെ ഷിംല കരാറിൽ സിയാച്ചിൻ മലനിരകളെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. തുടർന്ന് ഇരുരാജ്യങ്ങളും ഈ മലനിരയ്ക്ക് അവകാശവാദം ഉന്നയിച്ചു. ഇതോടെയാണ് ഇത് തർക്ക പ്രദേശമായി മാറിയത്. സിയാച്ചിനിലെ ആദ്യത്തെ സൈനിക നീക്കമായിരുന്നു ഓപ്പറേഷൻ മേഘ്ദൂത്.ഓപ്പറേഷൻ മേഘദൂതിലൂടെ 1984ലാണ് ഇന്ത്യൻ സൈന്യം സിയാച്ചിൻ മഞ്ഞുമല പിടിച്ചെടുക്കുന്നത്.മഞ്ഞുമലയുടെ ഏറ്റവും മുകളിലിരുന്ന് സൈനിക നീക്കം നടത്താനുള്ള സംവിധാനമാണ് ഇന്ത്യയ്ക്കുള്ളത്. 1984ലാണ് പൂർണമായും സിയാച്ചിനിലേക്കുള്ള പ്രവേശനം നിരോധിച്ചത്. അടുത്ത കാലം വരെ സാധാരണക്കാരെ സിയാച്ചിനിലേക്ക് അനുവദിച്ചിരുന്നില്ല. ചുരുക്കം ചില പത്രപ്രവർത്തകർക്കും പര്യവേഷകർക്കും പ്രവേശനം നൽകിയിരുന്നു.