ന്യൂഡൽഹി: ഇന്നലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്‌ട്രയിൽ 60.25 ശതമാനവും ഹരിയാനയിൽ 65 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. രണ്ടു സംസ്ഥാനങ്ങളിലും അങ്ങിങ്ങ് അക്രമ സംഭവങ്ങൾ റിപ്പോർട്ടു ചെയ്‌തു.
മഹാരാഷ്‌ട്രയിലെ അമരാവതിയിൽ സ്വാഭിമാനിപക്ഷയുടെ സ്ഥാനാർത്ഥിയെ മുഖംമൂടി ധരിച്ചെത്തിയവർ ആക്രമിച്ച് കാറിന് തീയിട്ടു. സില്ലെവാഡയിൽ സ്ഥാനാർത്ഥി സാവോനെർ രാജീവിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്ന് ബി.ജെ.പി പരാതിപ്പെട്ടു. നാസിക്കിന് സമീപം ജാംഖെഡിൽ ബി.ജെ.പി പ്രവർത്തകരെ എൻ.സി.പിക്കാർ ആക്രമിച്ചതായും പരാതിയുണ്ട്. ബീഡിലും ജൽനയിലും സേനാ-എൻ.സി.പി സംഘർഷം റിപ്പോർട്ടു ചെയ്‌തു. ഹരിയാനയിലെ മേവാത്തിൽ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു സ്‌ത്രീക്ക് പരിക്കേറ്റു.
മുംബയിൽ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ദീപിക പദുക്കോൺ, ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ എന്നിവർ ബാന്ദ്ര വെസ്‌റ്റിലും അമിതാഭ് ബച്ചൻ, ഭാര്യ ജയ ബച്ചൻ, മരുമകൾ ഐശ്വര്യ എന്നിവർ ജുഹുവിലുമാണ് വോട്ടു രേഖപ്പെടുത്തിയത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ സൈക്കിൾ ചവിട്ടി വോട്ടു ചെയ്യാനെത്തിയത് കൗതുകമുണർത്തി.
മോദി സർക്കാരിനെ രണ്ടാം തവണയും അധികാരത്തിലെത്തിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യം ഉറ്റു നോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് മഹാരാഷ്‌ട്രയിലും ഹരിയാനയിലും നടന്നത്. രണ്ടിടത്തും ഭരണ കക്ഷിയായ ബി.ജെ.പി അധികാരം നിലനിറുത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുമ്പോൾ കോൺഗ്രസിന് നിലനില്പിന്റെ പോരാട്ടമാണ്.
എൻ.ഡി.എ തൂത്തുവാരും: സർവേ
മഹാരാഷ്‌ട്രയിലും ഹരിയാനയിലും എൻ.ഡി.എ അധികാരം നിലനിറുത്തുമെന്ന് എല്ലാ എക്‌സിറ്റ് പോൾ സർവേകളും പ്രവചിക്കുന്നു. കോൺഗ്രസിന് ഒരു ഏജൻസി പോലും സാദ്ധ്യത കല്പിക്കുന്നില്ല. മഹാരാഷ്‌ട്രയിൽ ബി.ജെ.പിയും ശിവസേനയും സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും കോൺഗ്രസിനും എൻ.സി.പിക്കും സീറ്റുകൾ കുറയുമെന്നും സർവേ പറയുന്നു.
മഹാരാഷ്‌ട്ര: ആകെ സീറ്റ് : 288
(2014ൽ ബി.ജെ.പി: 122, ശിവസേന: 63, കോൺ: 42, എൻ.സി.പി: 41)
1. സി.എൻ.എൻ18-ഐ.പി എസ്.ഒ.എസ്:
എൻ.ഡി.എ: 230, കോൺ-എൻ.സി.പി: 48, മറ്റുള്ളവർ 4
2. ഇന്ത്യാ ടുഡെ-മൈ ആക്‌സിസ്: എൻ.ഡി.എ: 181, കോൺ-എൻ.സി.പി: 81, മറ്റുള്ളവർ:26
3. ടൈംസ് നൗ: എൻ.ഡി.എ: 230, കോൺ-എൻ.സി.പി: 48, മറ്റുള്ളവർ: 10
4. ജൻകീ ബാത്ത്: എൻ.ഡി.എ: 223, കോൺ-എൻ.സി.പി: 54, മറ്റുള്ളവർ: 11
5. എ.ബി.സി-സീ വോട്ടർ: എൻ.ഡി.എ: 204, കോൺ-എൻ.സി.പി: 48, മറ്റുള്ളവർ: 10
6. ടിവി 9: എൻ.ഡി.എ: 197, കോൺ-എൻ.സി.പി: 75, മറ്റുള്ളവർ: 16
ഹരിയാന: ആകെ സീറ്റ് : 90
(2014ൽ ബി.ജെ.പി: 47, ഐ.എൻ.എൽ: 19, കോൺ:15 )
1. ടൈംസ് നൗ: ബി.ജെ.പി: 71, കോൺ: 11, മറ്റുള്ളവർ: 8
2. ന്യൂസ് എക്‌സ്: ബി.ജെ.പി: 77, കോൺ: 11, മറ്റുള്ളവർ: 2
3. ടിവി 9: ബി.ജെ.പി: 47, കോൺ: 23, മറ്റുള്ളവർ: 20
4. ജൻകീ ബാത്ത്: ബി.ജെ.പി: 57, കോൺ: 17, മറ്റുള്ളവർ: 16
5. പോൾ ഒഫ് പോൾസ്: ബി.ജെ.പി: 63, കോൺ: 16, മറ്റുള്ളവർ: 11