chidambaram

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയയ്ക്ക് വിദേശനിക്ഷേപം അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് കാട്ടി സി.ബി.ഐ എടുത്ത കേസിൽ മുൻ കേന്ദ്ര ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. വിചാരണയിൽ നിന്ന് ഒളിച്ചോടാനോ, രാജ്യം വിടാനോ, തെളിവ് നശിപ്പിക്കാനോ, സാക്ഷികളെ സ്വാധീനിക്കാനോ ഉള്ള സാദ്ധ്യതയില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ആർ. ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ച് സ്ഥിരജാമ്യം അനുവദിച്ചത്. അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്‌മെന്റ് കസ്റ്റഡിയിലായതിനാൽ ചിദംബരത്തിന് ഉടൻ പുറത്തിറങ്ങാനാകില്ല.

രണ്ടു മാസത്തോളമായി കസ്റ്റഡിയിലുള്ള ചിദംബരം അന്വേഷണ ഏജൻസിയുമായി സഹകരിച്ചിട്ടുണ്ട്. കേസിൽ കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞു. മറ്റു പ്രതികളെല്ലാം ജാമ്യത്തിലാണെന്നതും 74 കാരനായ ചിദംബരത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നതും കണക്കിലെടുത്തു.

നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കാനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ഇത് തള്ളിയ സുപ്രീംകോടതി, ഹൈക്കോടതിയുടേത് സാമാന്യവത്കരണവും ഊഹാപോഹവും മാത്രമാണെന്നും നിരീക്ഷിച്ചു. ജാമ്യവുമായി ബന്ധപ്പെട്ട വ്യവസ്ഥാപിതമായ തത്വം ഹൈക്കോടതി പരിഗണിച്ചില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ആഗസ്റ്റ് 21നാണ് സി.ബി.ഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. സെപ്തംബർ 5 മുതൽ തിഹാർ ജയിലിലായിരുന്ന ചിദംബരത്തെ ഒക്ടോബർ 17നാണ് ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. പുറത്തിറങ്ങണമെങ്കിൽ ഇ.ഡി കേസിൽ ജാമ്യം ലഭിക്കണം.

വ്യവസ്ഥകൾ

......................................

ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. രണ്ട് ആൾ ജാമ്യം.

പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം
കോടതി അനുമതിയില്ലാതെ വിദേശയാത്ര നടത്തരുത്

ആവശ്യപ്പെടുമ്പോഴെല്ലാം ചോദ്യം ചെയ്യലിന് ഹാജരാകണം

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് തെളിവില്ല

............................................................................


തനിക്കും മകനുമെതിരെ മൊഴി നൽകാതിരിക്കാൻ ചിദംബരം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന സി.ബി.ഐ വാദം തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ഒരു പരാമർശവും സി.ബി.ഐ നൽകിയ ആറ് റിമാൻഡ് അപേക്ഷകളിലും ഇല്ല. ജാമ്യാപേക്ഷയുടെ ഘട്ടത്തിൽ മാത്രമാണ് ഇത്തരമൊരു ആരോപണം സി.ബി.ഐ ഉന്നയിച്ചത്. എങ്ങനെയാണ് സാക്ഷികളെ സമീപിച്ചത് എന്നതിന് എസ്.എം.എസ്, ഫോൺകാൾ, ഇ മെയിൽ തുടങ്ങിയ ഒരു തെളിവും ചൂണ്ടിക്കാട്ടിയിട്ടില്ല. ചിദംബരം രാജ്യവിടാനും തെളിവ് നശിപ്പിക്കാനുമുള്ള സാദ്ധ്യതയില്ലെന്ന ഹൈക്കോടതി വിധിയിലെ പരാമർശത്തിനെതിരെ സി.ബി.ഐ നൽകിയ അപ്പീലും സുപ്രീംകോടതി തള്ളി. ഹൈക്കോടതി പരാമർശം ശരിവച്ച ബെഞ്ച്
മറ്റു ചില സാമ്പത്തിക കുറ്റവാളികൾ രാജ്യം വിട്ടുവെന്ന് കരുതി സാമ്പത്തിക കുറ്റവാളികളെല്ലാം രാജ്യം വിടുമെന്ന ദേശീയ പ്രതിഭാസമുണ്ടെന്ന് കരുതാനാകില്ലെന്നും പറഞ്ഞു. രാജ്യം വിടാനുള്ള സാദ്ധ്യത വ്യക്തിയധിഷ്ഠിതമായി കാണണമെന്നും നിരീക്ഷിച്ചു.

2017 എഫ്.ഐ.ആർ എടുത്തശേഷവും ഇടക്കാല ജാമ്യം ലഭിച്ച കാലയളവിലും വിദേശത്തേക്ക് പോകാൻ ചിദംബരം ശ്രമിച്ചിട്ടില്ല. പാസ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയും രാജ്യം വിടുന്നത് തടയാം. കേസുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ ഏജൻസികൾ, കേന്ദ്രസർക്കാർ, കോടതി എന്നിവരുടെ പക്കലായതിനാൽ തെളിവിൽ കൃത്രിമം കാണിക്കാനുള്ള സാദ്ധ്യതയില്ല.