ന്യൂഡൽഹി: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിൽ അംഗങ്ങളായവർക്ക് തുക പിൻവലിക്കാനുള്ള പ്രായപരിധി 58ൽ നിന്ന് 60 വയസാക്കാൻ ഇ.പി.എഫ്.ഒ ശുപാർശ ചെയ്‌തു. രണ്ടു വർഷം കൂടി പെൻഷൻ വിഹിതം അംഗങ്ങളുടെ അക്കൗണ്ടിൽ കിടക്കുന്നതിനാൽ അത്രയും പലിശ ലഭിക്കും. പെൻഷൻ വിതരണം രണ്ടു കൊല്ലം നീളുന്നത് വഴി ഇ.പി.എഫ്.ഒയ്‌ക്ക് 30,000 കോടി രൂപ ലാഭിക്കാനാകും.
ശുപാർശ നടപ്പായാൽ 58-ാം വയസിൽ വിരമിക്കുന്നവർക്കും രണ്ടു വർഷം കൂടി അക്കൗണ്ടിൽ പണം സൂക്ഷിക്കാനും പലിശ ലഭിക്കാനും അവസരമൊരുങ്ങും. 60-ാം വയസിൽ പെൻഷൻ തുക പിൻവലിക്കുന്നവർക്ക് ഇൻസെന്റീവും ലഭിച്ചേക്കും.
ലോകമെങ്ങുമുള്ള പെൻഷൻ ഫണ്ട് പദ്ധതികൾ 60-ാം വയസിൽ പെൻഷൻ നൽകുന്നത് മുൻനിറുത്തിയാണ് ഇ.പി.എഫ്.ഒയും പെൻഷൻ പരിഷ്കരിക്കുന്നത്. ഇ.പി.എഫ്.ഒ ട്രസ്‌റ്റി ബോർഡിന്റെ നവംബറിൽ ചേരുന്ന യോഗം ശുപാർശ അംഗീകരിച്ചാൽ തൊഴിൽ മന്ത്രാലയം കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതിക്കായി കൈമാറും.