modi

ന്യൂഡൽഹി: ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പൊതുമേഖലാ ബാങ്കുകളിലെ സർക്കാർ ഓഹരി 50 ശതമാനത്തിൽ താഴെയായി നിജപ്പെടുത്തണമെന്ന് സാമ്പത്തിക ശാസ്‌ത്രത്തിനുള്ള നോബൽ സമ്മാന ജേതാവും ഇന്ത്യൻ വംശജനുമായ അഭിജിത് ബാനർജി പറഞ്ഞു. സാമ്പത്തിക കമ്മി നേരിടാൻ ഒാഹരി വിറ്റഴിക്കൽ പ്രായോഗിക മാർഗമല്ലെന്നും സർക്കാരിന്റെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടിയ ബാനർജി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്കിംഗ് മേഖലയിലെ സാഹചര്യങ്ങൾ ഭീതിജനകമാണെന്ന് അദ്ദേഹം പറഞ്ഞു. പെട്ടെന്ന് ഫലമുണ്ടാക്കുന്ന മാറ്റങ്ങൾ അനിവാര്യമാണ്. സർക്കാർ ഒാഹരി കുറച്ചാൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ (സി.വി.സി ) ഇടപെടലിൽ നിന്ന് ബാങ്കുകൾക്ക് ആശ്വാസം ലഭിക്കും. സി.വി.സി ഇടപെടൽ മൂലം പൊതുമേഖലാ ബാങ്കുകൾ കൂടുതൽ കടമെടുത്ത് നാശത്തിന്റെ വഴിയിൽ തുടരുകയാണ്. ആഭ്യന്തര കമ്പനികളുടെ കോർപറേറ്റ് നികുതി കുറച്ചതിനോടും അഭിജിത് ബാനർജി വിയോജിച്ചു. കോർപറേറ്റ് നികുതി കുറച്ചതു കൊണ്ട് വളർച്ചയുണ്ടാകില്ല. പ്രത്യക്ഷ നികുതി ഇളവുകളാണ് ആവശ്യം. കോർപറേറ്റുകൾക്ക് പണം നൽകി വളർച്ചയുണ്ടാക്കാനാവില്ല. പണപ്പെരുപ്പം കുറയ്‌ക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങളാണ് കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കിയത്. കർഷകരെ സഹായിക്കാൻ താങ്ങുവില പ്രഖ്യാപിച്ചതും വെറുതെയായെന്നും അദ്ദേഹം പറഞ്ഞു.

മാദ്ധ്യമങ്ങളെ സൂക്ഷിക്കണമെന്ന്

പ്രധാനമന്ത്രിയുടെ ഉപദേശം

മാദ്ധ്യമങ്ങളോട് ജാഗ്രത പാലിച്ചില്ലെങ്കിൽ അവർ കെണിയിൽ വീഴ്‌ത്തുമെന്ന് പ്രധാനമന്ത്രി ഉപദേശിച്ചെന്ന് അഭിജിത് ബാനർജി പത്രസമ്മേളനത്തിൽ പറഞ്ഞു. തന്റെ പത്രസമ്മേളനം പ്രധാനമന്ത്രി കാണുന്നുണ്ടാകുമെന്നും നിങ്ങളെ നിരീക്ഷിക്കുന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെക്കുറിച്ചുള്ള തന്റെ സങ്കൽപ്പം പ്രധാനമന്ത്രി വിശദീകരിച്ചു. എല്ലാവരും സർക്കാരിന്റെ നയങ്ങളെക്കുറിച്ചാണ് കേൾക്കുക. അതിനു പിന്നിലെ ചിന്തകളെക്കുറിച്ച് കേൾക്കുന്നത് അപൂർവ്വമാണ്. ഭരണം ഉദ്യോഗസ്ഥരുടെ പിടിയിലാണെന്ന ധാരണ മാറ്റാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. അദ്ദേഹവുമായുള്ള കൂടിക്കാഴ്‌ച മികച്ച അനുഭവമാണെന്നും ബാനർജി പറഞ്ഞു.

അഭിജിത് ബാനർജിയുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയെന്ന് ട്വിറ്ററിലൂടെ അറിയിച്ച മോദി, നോബൽ ജേതാവിനെ അഭിനന്ദിച്ചു.