ന്യൂഡൽഹി: കേരളം സന്ദർശിച്ചപ്പോഴൊക്കെ നല്ല അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ജനകീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും വരാൻ തയ്യാറാണെന്നും സാമ്പത്തിക ശാസ്‌ത്രത്തിനുള്ള നോബൽ സമ്മാന ജേതാവ് അഭിജിത് ബാനർജി പറഞ്ഞു.
കേരളം മനോഹരമായ നാടാണ്. ആരോഗ്യ പദ്ധതികളിൽ മുന്നിലുള്ള സംസ്ഥാനമാണ്. ആർദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് സന്ദർശനം നടത്തിയപ്പോൾ നല്ല അനുഭവങ്ങളായിരുന്നു. കേരളാ മോഡൽ വികസനത്തെക്കുറിച്ച് ചോദിച്ചപ്പോൾ അതേക്കുറിച്ചുള്ള പുതിയ കണക്കുകൾ തന്റെ കൈവശം ഇല്ലെന്നും അതിനാൽ പ്രതികരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർദ്രം ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട് അഭിജിത്തിനൊപ്പം കേരളത്തിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥർ സഹകരിച്ചില്ലെന്ന് പങ്കാളിയും നോബൽ ജേതാവുമായ എസ്‌തർ ഡുഫ്‌ളോ വെളിപ്പെടുത്തിയിരുന്നു. ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള അഡിഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ അടക്കം ഉദ്യോഗസ്ഥർ ചോദ്യങ്ങൾക്ക് മതിയായ ഉത്തരം നൽകിയില്ലെന്ന് എസ്‌തർ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവും ഐ.എം.എഫ് ചീഫ് ഇക്കണോമിസ്‌റ്റുമായ ഗീതാ ഗോപിനാഥിനൊപ്പമാണ് ഇരുവരും കേരളത്തിലെത്തിയത്.