ന്യൂഡൽഹി: മറാത്ത നാട്ടിലെ രണ്ടാമത്തെ ബ്രാഹ്മണ മുഖ്യമന്ത്രിയാണ് ദേവേന്ദ്ര ഫഡ്നാവിസ്. അഞ്ചുവർഷം പൂർത്തിയാക്കിയ രണ്ടാമത്തെ മുഖ്യമന്ത്രിയും. 44ാം വയസിൽ പദവിയിലേറി മഹാരാഷ്ട്രയിലെ രണ്ടാമത്തെ യുവമുഖ്യമന്ത്രിയായി. പക്ഷേ, 2019ൽ വീണ്ടും അധികാരമേറുമ്പോൾ സംസ്ഥാനത്ത് ബി.ജെ.പിയിൽ ഒന്നാമനാവുകയാണ് ഫഡ്നാവിസ്.
2014ൽ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ മഹാരാഷ്ട്രയിൽ മാത്രം അറിയപ്പെട്ടിരുന്ന പേരായിരുന്നു ഫഡ്നാവിസിന്റേത് എങ്കിൽ, അതു പിന്നെ രാജ്യം മുഴുവൻ അറിയുന്ന പേരായി. ഒപ്പം 'മഹാരാഷ്ട്ര മോദി' എന്ന വിശേഷണവും. നാഗ്പുരിൽ ജനിച്ച ഫഡ്നാവിസ് എ.ബി.വി.പിയിലൂടെയും യുവമോർച്ചയിലൂടെയുമാണ് സജീവ രാഷ്ട്രീയം തുടങ്ങിയത്.1992ൽ നാഗ്പുർ മുനിസിപ്പൽ കോർപറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 21ാം വയസിൽ. പ്രമുഖ ജനസംഘം നേതാവായ പിതാവ് ഗംഗാധർ ഫഡ്നാവിസ്, നിതിൻ ഗഡ്കരി ഉൾപ്പെടെ പ്രമുഖ നേതാക്കളുടെ ഗുരു കൂടിയാണ്.
1997ൽ നാഗ്പൂർ മേയർ ആയി സ്ഥാനമേൽക്കുമ്പോൾ രാജ്യത്തെ രണ്ടാമത്തെ യുവ മേയർ എന്ന വിശേഷണം ഒപ്പം. 1999 മുതൽ നാഗ്പൂർ മേഖലയിൽ നിന്ന് നിയമസഭയിലെത്തി. ബുദ്ധിമാനായ രാഷ്ട്രീയക്കാരനും മികച്ച പ്രഭാഷകനുമെന്ന് പേരെടുത്തെങ്കിലും ഗഡ്കരി, ഗോപിനാഥ് മുണ്ടെ, പ്രമോദ് മഹാജൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ നിഴലിലായിരുന്നു ഫഡ്നാവിസ്. അന്നത്തെ പ്രതിപക്ഷ നേതാവ് ഖഡ്സെയാണ് ഫഡ്നാവിസിന് കൂടുതൽ ശ്രദ്ധനൽകിയത്.
നിതിൻ ഗഡ്കരി - ഗോപിനാഥ് മുണ്ടെ ഭിന്നതകൾക്കിടെ ഫഡ്നാവിസ് മുണ്ടെയ്ക്കൊപ്പം നിന്നു. 2013ൽ മഹാരാഷ്ട്ര ബി.ജെ.പി അദ്ധ്യക്ഷനായി. മാദ്ധ്യമങ്ങളോട് അടുത്ത ബന്ധം പുലർത്തി പ്രതിഛായ സൃഷ്ടിച്ചെടുത്തു. മോദി സർക്കാരിൽ ഗഡ്കരിയും മുണ്ടെയും കേന്ദ്രമന്ത്രിയായി. മുണ്ടെയുടെ അകാലമരണം സൃഷ്ടിച്ച ശൂന്യതയ്ക്കിടെയാണ് മോദിയും അമിത് ഷായും ഫഡ്നാവിസിനെ മുഖ്യമന്ത്രി പദത്തിലേക്ക് അവരോധിച്ചത്. . ഇപ്പോഴും മോദിയുടെയും അമിത്ഷായുടെയും ഗുഡ്ബുക്കിൽ സ്ഥാനം.
മഹാരാഷ്ട്രയുടെ രാഷ്ട്രീയത്തിലും സമ്പദ്ഘടനയിലും നിർണായക സ്വാധീനമുള്ള മറാത്ത വിഭാഗത്തിന് പുറത്തു നിന്ന് ബ്രാഹ്മണനായ ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കിയതിൽ തുടക്കത്തിൽ ചില അതൃപ്തികളുണ്ടായിരുന്നു. ജോലിയിലും വിദ്യാഭ്യാസത്തിലും പ്രത്യേക ക്വാട്ട ആവശ്യപ്പെട്ടുള്ള മറാത്ത സംവരണ പ്രക്ഷോഭത്തിലും ഇത് പ്രതിഫലിച്ചിരുന്നു. മുംബയെ വിറപ്പിച്ച കർഷക പ്രക്ഷോഭവും ഫഡ്നാവിസ് സമർത്ഥമായി അതിജീവിച്ചു.
പാർട്ടിക്ക് അകത്തും പുറത്തുമുള്ള ശത്രുക്കൾക്കിടയിലും അധികാരവടംവലിക്ക് ചരടു പിടിക്കുന്ന ശിവസേനയ്ക്കിടയിലും വലിയ പോറലേൽക്കാതെ സർക്കാരിനെ നയിച്ചു. ബ്രിഹൻ മുംബയ് മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ വർഷങ്ങൾക്കു ശേഷം ശിവസേനയെ വിറപ്പിച്ച് ബി.ജെ.പിയെ വിജയത്തോടടുപ്പിക്കാൻ ഫഡ്നാവിസിനു കഴിഞ്ഞു.