ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഡൽഹിയിലെ 1797 അനധികൃത കോളനികൾക്ക് അംഗീകാരം നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോളനികളുടെ അംഗീകാരത്തിന് ശ്രമിക്കുന്ന ഡൽഹിയിലെ ആംആദ്‌മി സർക്കാരിനെ കാഴ്‌ചക്കാരാക്കിയാണ് 40 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന നിർണായക തീരുമാനം കേന്ദ്രസർക്കാർ എടുത്തത്. തീരുമാനം നടപ്പാക്കാനുള്ള ബില്ലിനും മന്ത്രിസഭാ യോഗം അനുമതി നൽകി.
ഡൽഹിയിൽ വിവിധ ഭാഗങ്ങളിലായി 175 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ വ്യാപിച്ചു കിടക്കുന്ന അനധികൃത കോളനികൾക്കാണ് അംഗീകാരം ലഭിക്കുക. ഇതോടെ കോളനി നിവാസികൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം, വസ്‌തു ഇടപാട്, വസ്‌തു ഈടു നൽകി വായ്പയെടുക്കൽ എന്നിവയ്‌ക്കുള്ള തടസങ്ങൾ നീങ്ങും. വനാതിർത്തിയിലുള്ള 69 കോളനികൾ ഒഴികെയുള്ളവയ്‌ക്ക് തീരുമാനം ബാധകമാണ്. കോളനികളുടെ അതിർത്തികൾ നിർണയിക്കാനുള്ള ചുമതല ഡൽഹി ഡെവലപ്‌മെന്റ് അതോറിട്ടിക്കാണ്.
ഡൽഹിയിലെ അനധികൃത കോളനികൾക്ക് അംഗീകാരം നൽകാനുള്ള 2008 ൽ തുടങ്ങിയ നടപടികൾ എങ്ങുമെത്തിയിരുന്നില്ല. ആംആദ്‌മി പാർട്ടി സർക്കാർ അധികാരത്തിൽ വന്നശേഷം വിഷയം ഏറ്റെടുത്തതോടെ രാഷ്‌ട്രീയമാനവും കൈവന്നു. എന്നാൽ കേന്ദ്രഭരണ പ്രദേശമായതിനാൽ സംസ്ഥാന സർക്കാരിനുള്ള പരിമിതമായ അധികാരം അതിന് തടസമായി. അടുത്ത ജനുവരിയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിക്ക് രാഷ്‌ട്രീയ നേട്ടം ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്രസർക്കാർ തീരുമാനം കൈക്കൊണ്ടത്. താണ വരുമാനക്കാർ താമസിക്കുന്ന മിക്ക അനധികൃത കോളനികളിലും വീടുകളും മറ്റും ശോചനീയാവസ്ഥയിലാണുള്ളത്. സർക്കാരിന്റെ യാതൊരു സേവനങ്ങളും ഇവിടെ ലഭ്യമല്ല. ഈ അവസ്ഥയ്‌ക്ക് മാറ്റം വരാൻ പോകുകയാണെന്ന് മന്ത്രിസഭാ തീരുമാനം അറിയിച്ച കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.