പിൻമാറണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 24ാം വകുപ്പ് പ്രകാരമുള്ള നഷ്ടപരിഹാരം സംബന്ധിച്ച സുപ്രീംകോടതിയുടെ തന്നെ ഭിന്നവിധികൾക്കെതിരായ ഹർജികൾ പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നിന്ന് ജസ്റ്റിസ് അരുൺമിശ്ര പിൻമാറണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ച് നവംബർ ആറ് മുതൽ വാദം കേൾക്കും. ഏറ്റെടുത്ത ഭൂമിക്ക് അഞ്ച് വർഷത്തിനുള്ളിൽ ഉടമകൾക്ക് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ഏറ്റെടുക്കൽ അസാധുവാകുമെന്ന് ജസ്റ്റിസ് ആർ.എം ലോധയുടെ ബെഞ്ച് 2014ൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയുള്ള ഹർജികൾ പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് അഞ്ചുവർഷത്തിനുള്ളിൽ നഷ്ടപരിഹാരം സ്വീകരിക്കാൻ ഉടമകൾ വിസമ്മതിച്ചാലും ഭൂമി ഏറ്റെടുക്കൽ അസാധുവാകില്ലെന്ന് വിധിച്ചു. ഈ വ്യത്യസ്ത വിധികളുടെ സാധുത ചോദ്യം ചെയ്തുള്ള ഹർജികളാണ് ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനും ജസ്റ്റിസ്‌മാരായ ഇന്ദിരാ ബാനർജി, വിനീത് ശരൺ, എം.ആർ. ഷാ, രവീന്ദ്ര ഭട്ട് എന്നിവർ അംഗങ്ങളുമായ ഭരണഘടനാബെഞ്ചിന് വിട്ടത്. വിധി പറഞ്ഞ ജഡ്ജ് തന്നെ വിശാല ബെഞ്ചിൽ വിഷയം പരിഗണിക്കുന്നതിനെയാണ് കക്ഷികൾ ചോദ്യം ചെയ്തത്. സോഷ്യൽമീഡിയയിലും മറ്റും വിമർശനമുയർന്നിരുന്നു. ഇതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ അരുൺമിശ്ര ഭൂമിയിലെ ഒന്നിനും എന്നെ സ്വാധീനിക്കാനാവില്ലെന്നും ദൈവം അല്ലാതെ മറ്റ് ഏതെങ്കിലും ശക്തി സ്വാധീനിക്കുമെന്ന് തോന്നിയാൽ കേസ് കേൾക്കുന്നതിൽ നിന്ന് ഞാൻ തന്നെ ആദ്യം പിൻമാറുമെന്നും നേരത്തെ വാക്കാൽ പറഞ്ഞിരുന്നു.