ന്യൂഡൽഹി: അന്തരിച്ച ഷീലാ ദീക്ഷിതിന്റെ പിൻഗാമിയായി സുബാഷ് ചോപ്രയെ ഡൽഹി പി.സി.സി അദ്ധ്യക്ഷനായി നിയമിച്ചു. മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദാണ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അദ്ധ്യക്ഷൻ. മണിപ്പൂർ പി.സി.സി അദ്ധ്യക്ഷനായി എം. ഒഖെൻഡ്രോയെയും നിയമിച്ചു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് നിയമനങ്ങൾ നടത്തിയത്.
ഡൽഹിയിൽ അടുത്ത ജനുവരിയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ നയിക്കേണ്ട ഉത്തരവാദിത്വമാണ് സുബാഷിന്. ഷീലാ ദീക്ഷിതിന്റെ മരണത്തെ തുടർന്ന് ജൂലായ് മുതൽ നാഥനില്ലാത്ത അവസ്ഥയിലായിരുന്നു ഡൽഹി കോൺഗ്രസ്. 1998മുതൽ മൂന്നു തവണ കൽക്കാജി സൗത്ത് മണ്ഡലത്തിൽ നിന്ന് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട സുബാഷിന് ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഡൽഹിയിൽ പി.സി.സിഅദ്ധ്യക്ഷനായി പ്രവർത്തിച്ച മുൻപരിചയവുമുണ്ട്.
ഷീലാ ദീക്ഷിതിന്റെ മരണത്തെ തുടർന്ന് വർക്കിംഗ് അദ്ധ്യക്ഷൻമാരായ ഹരൂൺ യൂസഫ്, ദേവേന്ദ്ര യാദവ്, രാജേഷ് ലിലോത്തിയ എന്നിവരെ വച്ച് പി.സി.സി മുന്നോട്ടു പോയെങ്കിലും തിരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ അദ്ധ്യക്ഷൻ വരുമെന്ന് ഹൈക്കമ്മാൻഡ് സൂചന നൽകിയിരുന്നു. അദ്ധ്യക്ഷനായി സാദ്ധ്യത കൽപ്പിച്ചിരുന്ന ആസാദിന് തിരഞ്ഞെടുപ്പ് ചുമതല നൽകിയതും ശ്രദ്ധേയമായി. ഡൽഹിക്ക് പുറത്തു നിന്നുള്ള ആസാദിനെ നിയമിക്കുന്നതിനെ ചാക്കോ എതിർത്തെന്നാണ് സൂചന. അന്തരിച്ച ഷീലാ ദീക്ഷിതും ചാക്കോയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പാർട്ടിക്ക് തലവേദനയായിരുന്നു.