maharashtra-

ന്യൂഡൽഹി: എതിരാളികളെ നിഷ്‌പ്രഭരാക്കി കേവലഭൂരിപക്ഷത്തിന് വേണ്ട 145 സീറ്റുകൾ ഒറ്റയ്‌ക്ക് നേടുമെന്ന് വീമ്പിളക്കിയ ബി.ജെ.പിയുടെ ഹുങ്കിന്റെ കൊമ്പൊടിച്ച് മഹാരാഷ്ട്ര ജനവിധി. നൂറുകടക്കാൻ പാടുപെടുന്നതായിരുന്നു ഇന്നലത്തെ കാഴ്ച. ഈ സാഹചര്യത്തിൽ .... സീറ്റുകൾ നേടിയ ശിവസേനയുടെ സമ്മർദ്ദത്തിന് വഴങ്ങാതെ സംസ്ഥാനം ഭരിക്കുകയെന്നത് വെല്ലുവിളിയാകും.

താക്കറെ കുടുംബത്തിൽ നിന്ന് ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കാൻ ശിവസേന സമ്മർദ്ദം ചെലുത്താനിടയുണ്ട്. 50:50 സീറ്റ് ധാരണ പ്രകാരമാണ് ഇരു പാർട്ടികളും മത്സരിച്ചതെന്നും മുഖ്യമന്ത്രി പദം വേണമെന്നും സേനാ നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. പരമാവധി ഉപമുഖ്യമന്ത്രി പദമെങ്കിലും നൽകേണ്ടി വരും.

കോൺഗ്രസ് പാടെ ദുർബലമായ മഹാരാഷ്‌ട്രയിൽ പാട്ടും പാടി ജയിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ബി.ജെ.പി. എന്നാൽ തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടിയ വിഷയങ്ങൾ ജനത്തെ സ്വാധീനിച്ചില്ല. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നാടും കർഷക ആത്മഹത്യകളിലൂടെ കുപ്രസിദ്ധവുമായ വിദർഭയിൽ തിരിച്ചടിയുണ്ടായി. എൻ.സി.പി, കോൺഗ്രസ് പാർട്ടി വിട്ടുവന്ന നേതാക്കൾക്കായി വാതിൽ തുറന്നിട്ടതും ഗുണം ചെയ്‌തില്ല. പാർട്ടി റിബലുകൾ പലയിടത്തും കോൺഗ്രസ്- എൻ.സി.പി സഖ്യത്തിനു വേണ്ടി പ്രവർത്തിച്ച് കോട്ടമുണ്ടാക്കി. പർളിയിൽ മന്ത്രിയും ഗോപിനാഥ് മുണ്ടെയുടെ മകളുമായ പങ്കജ് മുണ്ടെയുടെ തോൽവി ഉദാഹരണം. സേനയുടെ വോട്ടുകൾ പലയിടത്തും പ്രതിപക്ഷത്തേക്ക് മറിഞ്ഞതായും റിപ്പോർട്ടുണ്ട്.

 മഴ നനഞ്ഞ് പവാർ നേടി

മഹാരാഷ്‌ട്രയിൽ അപ്രമാദിത്വം തെളിയിച്ച എൻ.സി.പി നേതാവ് ശരത് പവാറാണ് തിരഞ്ഞെടുപ്പിലെ താരം. കനത്ത മഴയെപ്പോലും കൂസാതെ തെരഞ്ഞടുപ്പ് റാലിയിൽ സംസാരിച്ച പവാറിന് നിരാശപ്പെടേണ്ടി വന്നില്ല. പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന ശിവാജിയുടെ പിന്തുടർച്ചക്കാരനായ ഉദയൻരാജെ ബോസ്‌ലെയെ തറപറ്റിച്ചു. കേന്ദ്ര സർക്കാർ എൻഫോഴ്സ്‌മെന്റ് കേസുകളിൽ കുടുക്കാനുള്ള നീക്കം സഹതാപ വോട്ടായി മാറി. കോൺഗ്രസിനെ വെട്ടി 50ന് മുകളിൽ സീറ്റുകൾ ഉറപ്പിച്ച എൻ.സി.പി മുഖ്യ പ്രതിപക്ഷ പാർട്ടിയാകും. വിദർഭയിലും മറാത്താവാഡയിലും പാർട്ടി വലിയ നേട്ടമുണ്ടാക്കി.

 ഉള്ളത് നിലനിറുത്തി കോൺഗ്രസ്

40ന് മുകളിൽ സീറ്റുകൾ നിലനിറുത്താൻ കഴിഞ്ഞത് എങ്ങനെയെന്ന് കോൺഗ്രസ് നേതാക്കൾക്ക് പോലും പിടിയില്ല. നയിക്കാൻ നല്ലൊരു നേതാവില്ലാതെ മത്സരിച്ച തിരഞ്ഞെടുപ്പിൽ കിട്ടിയതെല്ലാം ലോട്ടറിയെന്നാണ് വിലയിരുത്തൽ.