ന്യൂഡൽഹി: അധികാരത്തുടർച്ച തേടിയ ബി.ജെ.പിയെയും വീണ്ടും അധികാരം തേടിയിറങ്ങിയ കോൺഗ്രസിനെയും പ്രതാപം തിരിച്ചുപിടിക്കാനിറങ്ങിയ ഐ.എൻ.എൽ.ഡിയെയും നേരിട്ട് ഹരിയാനയിൽ നിർണായക പത്തുസീറ്റുമായി കിംഗ് മേക്കറായിരിക്കുകയാണ് ദുഷ്യന്ത് ചൗട്ടാല. 90 അംഗ നിയമസഭയിൽ മാന്ത്രിക സംഖ്യയായ 45 ഒറ്റയ്ക്ക് കടക്കാൻ ഒരു കക്ഷിക്കും സാധിക്കാതെ വന്നതോടെയാണ് പത്തുമാസം മാത്രം പ്രായമുള്ള ജനനായക് ജനത പാർട്ടി (ജെ.ജെ.പി)യുടെ നായകനായ 31കാരൻ താരമായത്. ഹരിയാനയുടെ രാഷ്ട്രീയ ചരിത്രത്തിൽ ആഴത്തിൽപതിഞ്ഞ ചൗട്ടാല കുടുംബത്തിൽ നിന്നുള്ള പുതിയ അധികാരകേന്ദ്രമാവുകയാണ് ദുഷ്യന്ത്.
ചൗട്ടാല കുടുംബം
....................
മുൻ ഉപപ്രധാനമന്ത്രി ദേവി ലാൽ ചൗട്ടാലയാണ് ഹരിയാന രാഷ്ട്രീയത്തിൽ ചൗട്ടാല കുടുംബത്തെ പ്രതിഷ്ഠിച്ചത്. അദ്ദേഹത്തിൻറെ മകനും മുൻഹരിയാന മുഖ്യമന്ത്രിയും ഐ.എൻ.എൽ.ഡിയുടെ അദ്ധ്യക്ഷനുമായ ഓംപ്രകാശ് ചൗട്ടാലയുടെ കൊച്ചുമകനാണ് ദുഷ്യന്ത്. മുൻ എം.പികൂടിയായ അജയ് സിംഗ് ചൗട്ടാലയുടെ മകൻ. അജയും ഓംപ്രകാശ് ചൗട്ടാലയും റിക്രൂട്ട്മെൻറ് അഴിമതിയിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.
ഹിസാറിൽ 1988 ഏപ്രിൽ മൂന്നിനാണ് ജനനം. 2014 ലോക്സഭാ തിരഞ്ഞെടുപ്പിലൂടെയാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. ഹരിയാന ജനഹിത് കോൺഗ്രസിലെ കുൽദീപ് ബിഷ്ണോയിയെ31,847 വോട്ടിന് പരാജയപ്പെടുത്തി ഐ.എൻ.എൽ.ഡി ടിക്കറ്റിൽ ഹിസാറിൽ നിന്ന് ദുഷ്യന്ത് വരവറിയിച്ചു.
പിളർന്ന് പുതിയ വഴി
................................
ഐ.എൻ.എൽ.ഡിയിലെ കുടുംബ വഴക്കിൽ പാർട്ടിയിൽ പുറത്താക്കപ്പെട്ട ദുഷ്യന്ത് ചൗട്ടാല 2018 ഡിസംബറിലാണ് ജനനായക് ജനത പാർട്ടി (ജെ.ജെ.പി)രൂപീകരിച്ചത്. അജയ് ചൗട്ടാലയും സഹോദരൻ അഭയ് ചൗട്ടാലയും തമ്മിലുള്ള ഭിന്നതയാണ് ഐ.എൻ.എൽ.ഡിയെ പിളർപ്പിലേക്ക് നയിച്ചത്. ദുഷ്യന്തിൻറെ അനുയായികൾ ഐ.എൻ.എൽ.ഡി റാലിക്കിടെ അഭയ് ചൗട്ടാലക്കെതിരെ പ്രതിഷേധിച്ചതാണ് അജയ് ചൗട്ടാലയെയും,മക്കളായ ദുഷ്യന്ത്, ദ്വിഗ് വിജയ് സിംഗിനെയും പെട്ടെന്ന്പുറത്താക്കാനിടയാക്കിയത്.
തുടർന്ന് ജെ.ജെ.പി രൂപീകരണം. ജനുവരിയിൽ നടന്ന ജിന്ദ് നിയമസഭാ ഉപതിരഞ്ഞെടുപ്പായിരുന്നു ആദ്യ ശക്തിപരീക്ഷണം. ബി.ജെ.പിയോട് പരാജയപ്പെട്ടെങ്കിലും കോൺഗ്രസിനെ പിന്തള്ളി 37,000ത്തോളം വോട്ട് നേടി രണ്ടാമതെത്തി ജെ.ജെ.പി വരവറിയിച്ചു. ദുഷ്യന്ത് ഹിസാറിൽ നിന്ന് വീണ്ടും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ബി.ജെ.പിയിലെ ബ്രിജേന്ദർ സിംഗിനോട് പരാജയപ്പെട്ടു. ലോക്സഭയിലെ പരാജയം കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിടവെയാണ് ദുഷ്യന്തിൻറെ ശക്തമായ തിരിച്ചുവരവ്.
ജയിലിലായിരുന്ന ഓംപ്രകാശ് ചൗട്ടാല ജാമ്യത്തിലിറങ്ങി പ്രചാരണത്തിൽ സജീവമായിട്ടും ഐ.എൻ.എൽ.ഡിയെ ഒറ്റ സീറ്റിൽ ഒതുക്കി ചൗട്ടാല കുടുംബത്തിൻറെ രാഷ്ട്രീയ പിൻഗാമി പട്ടം ഏറ്റെടുത്തിരിക്കുകയാണ് ദുഷ്യന്ത്.