ന്യൂഡൽഹി : മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽ നിന്നും പരമ്പരാഗത സീറ്റ് തിരിച്ച് പിടിച്ച് കൊങ്കണിലെ തീരദേശ മണ്ഡലമായ ദഹാനു.വിനോദ് ഭൈവ നികോൽ എന്ന സി.പി.എമ്മുകാരന്റെ വിജയം 4,321 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റാണ് വിനോദ് ഭൈവ നികോൽ. പൽഖാർ ജില്ലയിലാണ് ആദിവാസി വിഭാഗങ്ങൾ ഏറെയുള്ള ദഹാനു മണ്ഡലം . തുടക്കത്തിൽ ബി.ജെ.പിയുടെ ധനാർ പസ്‌കൽ ജന്യയായിരുന്നു ലീഡ് ചെയ്തിരുന്നത്. വോട്ടെണ്ണൽ അവസാനമായപ്പോഴേക്ക് ലീഡ് തിരിച്ചുപിടിച്ച് വിനോദ് ഭൈവ മുന്നേറി.ഏറെക്കാലമായി ഇടതുപക്ഷത്തിന് വേരോട്ടമുള്ള ഈ മണ്ഡലത്തിൽ 2014ൽ ബി.ജെ.പി ജയിച്ചിരുന്നു. ഇത്തവണ സിപിഎം മണ്ഡലം തിരിച്ചു പിടിച്ചു.
അതേസമയം, സിറ്റിംഗ് സീറ്റായ കൽവാനിൽ സി.പി.ഐ.എം നേതാവ് ജെ.പി ഗാവിതിന് വിജയിക്കാനായില്ല. ഇവിടെ എൻ.സി.പിയുടെ നിതിൻ അർജുൻ പവാർ 6,090 വോട്ടിന് വിജയിച്ചു. സംസ്ഥാനത്തെ മുതിർന്ന എം.എൽ.എമാരിലൊരാളാണ് ഗാവിറ്റ്. 2014ൽ പ്രോ ടെം സ്പീക്കറായിരുന്നു. നാല് സീറ്റുകളാണ് സി.പി.എം. ഇത്തവണ മത്സരിച്ചത്.