ന്യൂഡൽഹി : ഉന്നതപദവിയിലിരിക്കുന്നവർക്കും മന്ത്രിമാർക്കും അഭിപ്രായ സ്വാതന്ത്രം നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം സർക്കാർ പരിശോധിക്കുന്നതായി അറ്റോണി ജനറൽ കെ. കെ. വേണുഗോപാൽ സുപ്രീം കോടതിയിൽ.
ഉന്നതപദവിയിലിരിക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തുന്ന വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ ഭരണഘടനാ വിഷയങ്ങൾ പരിഗണിക്കുന്നതിനിടെയാണ് എ.ജി. നിലപാടറിയിച്ചത്. ഉത്തർപ്രദേശ് മുൻ മന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അസം ഖാൻ, മന്ത്രി എം.എം. മണി എന്നിവരുടെ വിവാദ പരാമർശങ്ങളുമാണ് കേസിന് ആധാരം. പദവികൾ വഹിക്കാത്ത വ്യക്തികൾക്കെതിരെ, അവർ മറ്റ് വ്യക്തികളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിൽ പ്രസംഗിക്കുന്ന പക്ഷം അവർക്കെതിരെ കേസെടുക്കാമോ എന്ന് പരിശോധിക്കണമെന്നും എ.ജി. ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പെരുമാറ്റ ചട്ടം കൊണ്ട് വരണം. മറ്റുള്ളവരുടെ മൗലീകാവകാശത്തെ ഹനിക്കാത്ത രീതിയിൽ അഭിപ്രാകടനങ്ങൾ നടത്തണം. അല്ലാത്ത പക്ഷം കുറ്റക്കാരനെതിരെ നടപടിയെടുക്കണമെന്നും എ. ജി. അറിയിച്ചു. ആർട്ടിക്കിൾ 19 (1) നൽകുന്ന അവകാശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് കോടതി പരിഗണിക്കണമെന്ന് അറ്റോണി ജനറൽ ആവശ്യപ്പെട്ടു. ഹേബിയസ് കോർപ്പസ് ഹർജികൾ വ്യക്തികളുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെടുത്തരുത് എന്ന് ജ. രവീന്ദ്ര ഭട്ട് അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന് മുന്നിലാണ് ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, വിനീത് സരൺ, എം ആർ ഷാ, എസ് രവീന്ദ്ര ഭട്ട് എന്നിവരാണ് ബഞ്ചിലുള്ളത്. കേസിൽ അമിക്കസ് ക്യൂരികളായ മുതിർന്ന അഭിഭാഷകരായ ഫാലി എസ് നരിമാനും ഹരീഷ് സാൽവെയും കോടതിയെ സഹായിക്കുന്നു. 2016ൽ ബുലന്ദ്ഷഹർ കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ടാണ് അസം ഖാൻ വിവാദ പരാമർശങ്ങൾ നടത്തിയത്.പിന്നീട് സുപ്രീം കോടതിയോട് മാപ്പ് പറഞ്ഞിരുന്നു. ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ചാണ് കേസ് ഭരണഘടനാ ബഞ്ചിന് റഫർ ചെയ്തത്.പെമ്പിളൈ ഒരുമ പ്രവർത്തകർ, ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ട രാമൻ, ജിഷ്ണു പ്രണോയ്, അമ്മ മഹിജ തുടങ്ങിയവർക്കെതിരെ മന്ത്രി എം.എം. മണി നടത്തിയ പരാമർശങ്ങൾക്കെതിരെയായിരുന്നു പരാതി.