hariyana-

ന്യൂഡൽഹി: ദേശീയതയും ജമ്മുകാശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയതും പാകിസ്ഥാനുമൊക്കെ ബി.ജെ.പി വാശിയോടെ പ്രചാരണത്തിൽ ഉന്നയിച്ചെങ്കിലും ഒന്നും കാര്യമായി ഏശിയില്ലെന്നതിൻറെ തെളിവായി ഹരിയാന. കർഷകദുരിതവും തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവുമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് വ്യക്തം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും റാലികളിൽ ആവേശത്തോടെ പറഞ്ഞവിഷയങ്ങളാണ് പാളിയത്.കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളിലെ തമ്മിലടിയില്ലായിരുന്നെങ്കിൽ മനോഹർലാൽ ഖട്ടർ നയിച്ച ബി.ജെ.പിയുടെ സ്ഥിതി മറ്റൊന്നായേനെ.

ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ്ഹരിയാന ഫലം. 75 സീറ്റുകൾ നേടുമെന്ന് ആത്മവിശ്വാസം പെട്ടിതുറന്നപ്പോൾ എട്ടുനിലയിൽ പൊട്ടുന്നതാണ് കണ്ടത്. കഴിഞ്ഞതവണത്തേക്കാൾ ഏഴു സീറ്റുകുറയുകയും മനോഹർലാൽ ഖട്ടർ മന്ത്രിസഭയിലെ ഏഴു മന്ത്രിമാർ തോൽക്കുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തു സീറ്റും തൂത്തുവാരി അഞ്ചുമാസം മാത്രം പിന്നിടുമ്പോഴാണ് ഇങ്ങനെയൊരു വിധിയെഴുത്ത്.

കൃഷിമന്ത്രിയും ക്യാപ്ടനും തോറ്റു

..............................
ഹരിയാനയിലെ കർഷക സംസ്ഥാനമാണ് ഹരിയാന. ഏറ്റവും കൂടുതൽ പേർ സേനാ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നും. ജമ്മുകാശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയതും കേന്ദ്രസർക്കാരിൻറെയും സംസ്ഥാന സർക്കാരിൻറെയും വികസന നേട്ടങ്ങളും നിർണായക വിജയം ബി.ജെ.പിക്ക് സമ്മാനിക്കുമെന്നായിരുന്നു ഹരിയാന തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമർ പറഞ്ഞത്. ഖാരിഫ് വിളകൾക്ക് സഹായം പ്രഖ്യാപിച്ചതും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ കേന്ദ്രസർക്കാർ 6000 രൂപയോടൊപ്പം സംസ്ഥാനസർക്കാർ അധികം 6000 കൂടി പ്രഖ്യാപിച്ചതും കർഷകരെ പ്രീതി നേടാൻ ലക്ഷ്യമിട്ടായിരുന്നു. എന്നാൽ ഈ സഹായങ്ങൾക്കപ്പുറമായിരുന്നു പ്രതിസന്ധി. അഞ്ചു ജില്ലകളിലെങ്കിലും കോട്ടൺ ഉത്പാദനമാണ് പ്രധാനം. ടെക്സ്റ്റൈൽ വ്യവസായത്തെ മാന്ദ്യം ബാധിച്ചത് കോട്ടൺ ഉത്പാദനമേഖലയെയും തളർത്തി. മാരുതി ഉൾപ്പെടെയുള്ള പ്രമുഖ ഓട്ടോമൊബൈൽ കമ്പനികളെല്ലാം പ്രവർത്തിക്കുന്ന സംസ്ഥാനത്ത് ആ മേഖലയിലെ മാന്ദ്യം ആയിരക്കണക്കിന് പേരുടെ ജോലി നഷ്ടമാക്കി. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ തൊഴിൽരഹിതരുടെ സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാക്കുന്നതായിരുന്നു മാന്ദ്യം. ദേശീയതയ്ക്ക് മറുപടിയായി കോൺഗ്രസും ഐ.എൻ.എൽ.ഡിയും ജെ.ജെ.പിയും കർഷക വിഷയവും സാമ്പത്തികമാന്ദ്യവും ഉയർത്തുകയും ചെയ്തു.
ബാദ്‌ലിയിൽ കൃഷി ജലസേചന മന്ത്രി ഓം പ്രകാശ് ധങ്കർ കോൺഗ്രസ് സ്ഥാനാർത്ഥിയോട് 11,245 വോട്ടിനാണ് തോറ്റത്. മുൻ സൈനികൻ കൂടിയായ മന്ത്രി ക്യാപ്ടൻ അഭിമന്യു 12029 വോട്ടിനും തോറ്റു. 52,302 വോട്ടിന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സുഭാഷ വോർലെ തോറ്റു.