electionELECTION

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം മഹാരാഷ്ട്രയിലും ഹരിയാനയിലും ആവർത്തിച്ച് ദീപാവലി ആഘോഷിക്കാനിരുന്ന ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി. കോൺഗ്രസിന്റെ അദ്ഭുത കുതിപ്പിൽ ഹരിയാനയിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നപ്പോൾ മഹാരാഷ്ട്രയിൽ ബി.ജെ.പിയും ശിവസേനയും ചേർന്ന് തട്ടിമുട്ടി ഭൂരിപക്ഷം തികച്ച് അധികാരം നിലനിറുത്തി.

ഹരിയാനയിൽ 90 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് 46 സീറ്റ് വേണ്ടപ്പോൾ ബി.ജെ.പിക്ക് 40 സീറ്റേ നേടാനായുള്ളൂ. കഴിഞ്ഞ തവണത്തെക്കാൾ 7 സീറ്റിന്റെ കുറവ്. അതേസമയം കോൺഗ്രസ് 31 സീറ്റ് നേടിയാണ് ഭരണ പ്രതീക്ഷയിലേക്ക് കാര്യങ്ങളെത്തിച്ചത്. കഴിഞ്ഞ തവണ വെറും 15 സീറ്റായിരുന്നു അവർക്ക്.

ഇതോടെ,​ 10 സീറ്റു ലഭിച്ച ജെ.ജെ.പിയുടെ നേതാവും എം.പിയുമായ ദുഷ്യന്ത് ചൗത്താല ശരിക്കും കിംഗ് മേക്കറായിരിക്കയാണ്. ചൗത്താലയെ പാട്ടിലാക്കാൻ കോൺഗ്രസും, ജയിച്ച ഏഴ് സ്വതന്ത്രൻമാരെ ഒപ്പം കൂട്ടി ഭരണം നിലനിറുത്താൻ ബി.ജെ.പിയും ചർച്ച തുടങ്ങിക്കഴിഞ്ഞു. അതേസമയം,​ ഇന്ത്യൻ നാഷണൽ ലോക്‌ദൾ ഹരിയാനയിൽ തരിപ്പണമായി. അവർക്ക് കേവലം ഒരു സീറ്റേയുള്ളൂ. കഴിഞ്ഞ തവണ 20 സീറ്റാണുണ്ടായിരുന്നത്.

തൂക്ക് മന്ത്രിസഭ ഉറപ്പായതിനെ തുടർന്ന് ഡൽഹിയിൽ മാരത്തൺ ചർച്ചകളിലാണ് ഇരു പാർട്ടികളും. ബി.ജെ.പി നേതാവ് മനോഹർ ഖട്ടർ ഇന്നലെ ഗവർണറെ കാണുമെന്ന് പറഞ്ഞെങ്കിലും പിന്നീട് തീരുമാനം മാറ്റി. ഇന്ന് കണ്ടേക്കും. ഇന്നലെ രാവിലെ തന്നെ ബി.ജെ.പി നേതൃത്വം ഖട്ടറിനെ ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. അമിത് ഷാ ആഭ്യന്തര വകുപ്പ് സംഘടിപ്പിച്ച ചടങ്ങുകൾ റദ്ദാക്കി ഡൽഹിയിൽ മടങ്ങിയെത്തി.

ഗോവയിലും മറ്റും സംഭവിച്ച അബദ്ധം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധയോടെയാണ് കോൺഗ്രസിന്റെ നീക്കം. ഹരിയാനാ തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച ഭൂപേന്ദ്ര സിംഗ് ഹൂഡയെ അദ്ധ്യക്ഷ സോണിയാ ഗാന്ധി ഫോണിൽ വിളിച്ച് നിർദ്ദേശങ്ങൾ നൽകുകയും ഡൽഹിയിൽ വരാൻ ആവശ്യപ്പെടുകയും ചെയ്‌തു. ബി.ജെ.പിയുടെ വോട്ടിൽ 22 ശതമാനത്തോളം ഇടിവുണ്ടായി.

50:50 അവകാശം

പറഞ്ഞ് ശിവസേന

288 അംഗ മഹാരാഷ്‌ട്ര സഭയിൽ ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷം (145) നേടുമെന്ന് സർവേകൾ പ്രവചിച്ച ബി.ജെ.പി 102 സീറ്റിലൊതുങ്ങി. കഴിഞ്ഞ തവണ പാർട്ടിക്ക് 122 സീറ്റുണ്ടായിരുന്നു. 56 സീറ്റു നേടിയ ശിവസേന മുഖ്യമന്ത്രി സ്ഥാനത്തേക്ക് 50:50 അവകാശവാദം ഉന്നയിച്ചതും ബി.ജെ.പിക്ക് തലവേദനയായിരിക്കയാണ്. വർളി മണ്ഡലത്തിൽ നിന്ന് 70,000 വോട്ടുകൾക്ക് ജയിച്ച ആദിത്യ താക്കറെയെ രണ്ടര വർഷം മുഖ്യമന്ത്രിയാക്കണമെന്നാണ് സേന ആവശ്യപ്പെട്ടത്. ബി.ജെ.പി- സേന സഖ്യം 2014ൽ 185 സീറ്റ് നേടിയിരുന്നെങ്കിൽ ഇപ്പോഴത് 158ൽ ഒതുങ്ങി. ശിവസേനയ്ക്ക് കഴിഞ്ഞ തവണ 63 സീറ്റുണ്ടായിരുന്നു.

അതേസമയം ശരത് പവാറിന്റെ നേതൃത്വത്തിൽ എൻ.സി.പിയും പ്രമുഖരായ നേതാക്കളില്ലാതെ പൊരുതിയ കോൺഗ്രസും 2014നെക്കാൾ സീറ്റുകൾ നേടി. എൻ.സി.പിക്ക് 54,​ കോൺഗ്രസിന് 45 എം.എൽ.എമാരെയാണ് ലഭിച്ചത്. പത്ത് സ്വതന്ത്രരും ജയിച്ചു.

പ്രമുഖർ വീണു

മഹാരാഷ്‌ട്രയിൽ പ്രമുഖ ബി.ജെ.പി നേതാക്കളായ പങ്കജ് മുണ്ടെ, രോഹിണി ഖഡ്സെ, ഹരിയാനയിൽ കോൺഗ്രസ് ദേശീയ വക്താവും കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവിയുമായ രൺദീപ് സിംഗ് സുർജെവാല, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സുബാഷ് ബോർളെ തുടങ്ങിയ പ്രമുഖർ പരാജയപ്പെട്ടു.