marad-

ന്യൂഡൽഹി: മരടിൽ നാലു ഫ്ലാറ്റ് സമുച്ചയത്തിലെ എല്ലാ ഫ്ലാറ്റുടമകൾക്കും ഇടക്കാല ആശ്വാസമായി 25 ലക്ഷം രൂപ തന്നെ നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധിയിൽ നിന്ന് പിന്നോട്ടില്ലെന്നും ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ആവർത്തിച്ചു.

ഫ്ലാറ്റ് ഉടമകൾക്ക് 25 ലക്ഷം നഷ്ടപരിഹാരം നൽകാൻ സംസ്ഥാനസർക്കാരിനോട് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാൽ നഷ്ടപരിഹാരം നിശ്ചയിക്കാനായി നിയമിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി പ്രമാണത്തിലെ വിലയും മറ്റും കണക്കിലെടുത്ത് ചിലർക്ക് 25 ലക്ഷം രൂപയിൽ കുറഞ്ഞ തുകയാണ് നൽകാൻ നിർദ്ദേശിച്ചത്. ഇത് ഫ്ലാറ്റുടമകൾ കോടതിയിൽ ചൂണ്ടിക്കാട്ടിയപ്പോഴാണ് എല്ലാവർക്കും 25 ലക്ഷം നൽകണമെന്ന് കോടതി വ്യക്തമാക്കിയത്. ഒരുമാസത്തിനകം ബിൽഡർമാർ 20 കോടി രൂപ സമിതിക്ക് കൈമാറണം. ഇതിനായി ബിൽഡർമാരുടെ മരവിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 20 കോടി പിൻവലിക്കാനുള്ള അനുമതിയും നൽകി. ഇതുവരെ 10,87,29,662 രൂപ നഷ്ടപരിഹാരമായി കൈമാറിയതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതുൾപ്പെടെ ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ചീഫ്സെക്രട്ടറി സത്യവാങ്മൂലം സമർപ്പിച്ചു.