ന്യൂഡൽഹി: അറബിക്കടലിൽ രൂപപ്പെട്ട 'ക്യാർ' ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഗോവ, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മദ്ധ്യ കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം 'ക്യാർ' ചുഴലിക്കാറ്റായ് മാറി മദ്ധ്യ കിഴക്കൻ അറബിക്കടലിൽ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിലേയ്ക്ക് നീങ്ങുകയാണ്. കർണാടകയിലെ രത്‌നഗിരിക്ക് 240 കിലോമീറ്ററും മുംബെയിൽ നിന്ന് 380 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ക്യാർ ഇന്ത്യൻ തീരത്തെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. വൈകാതെ ദിശ മാറി അടുത്ത 5 ദിവസത്തിനുള്ളിൽ ഒമാൻ തീരത്തേക്ക് അതിതീവ്ര ചുഴലിക്കാറ്റായി നീങ്ങാനാണ് സാദ്ധ്യത..കാസർകോട് ജില്ലയിൽ ശക്തമായ കാറ്റിനും മഴയ്ക്കും കാരണമായേക്കും. മ്യാൻമറാണ് ചുഴലിക്കാറ്റിന് 'ക്യാർ' എന്ന പേര് നൽകിയത്.
. 2019ൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി രൂപപ്പെടുന്നത് നാല് ചുഴലിക്കാറ്റുകൾ. ഇതിൽ മൂന്നും അറബിക്കടലിൽ.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫാനി ചുഴലിക്കാറ്റാണ് ആദ്യത്തേത്.ഏപ്രിൽ 26ന് രൂപം കൊണ്ട് മേയ് 4 വരെ ഫാനി നീണ്ടു നിന്നു. അറബിക്കടലിൽ ജൂൺ 10ന് വായുവും സെപ്റ്റംബർ 23ന് ഹിക്കയും രൂപപ്പെട്ടു. മൂന്ന് ചുഴലിക്കാറ്റുകളും കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമായി.ക്യാർ ചുഴലിക്കാറ്രാണ് നാലാമൻ.