muslim

ന്യൂഡൽഹി: രാജ്യത്തെ എല്ലാ മുസ്ളിം പള്ളികളിലും പ്രവേശിക്കാനും നമസ്കാരം നടത്താനും മുസ്ളിം സ്ത്രീകളെ അനുവദിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ മറുപടി തേടി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഹർജി നവംബർ 5ന് വീണ്ടും പരിഗണിക്കും.

പള്ളികളിൽ സ്ത്രീപ്രവേശനം തടയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും വിലക്ക് വിവിധ അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ആരോപിച്ച് പൂനെ സ്വദേശികളായ യാസ്മിൻ സുബൈർ അഹമ്മദ് - സുബൈർ അഹമ്മദ് ദമ്പതികളാണ് ഹർജി നൽകിയത്. ശബരിമലയിലെ യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിലാണിത്. സ്ത്രീകളുടെ പ്രാർത്ഥനയ്ക്കുള്ള അവകാശം തടയാനാകില്ലെന്നും അത് മനുഷ്യന്റെ അന്തസിന് എതിരാണെന്നുമുള്ള ശബരിമല വിധിയിലെ പരാമർശങ്ങളും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശനമനുവദിച്ച ‌ സുപ്രീംകോടതിയുടെ വിധിയുണ്ടെന്ന ഒറ്റക്കാരണത്താലാണ് വാദം കേൾക്കുന്നതെന്നാണ് ഏപ്രിലിൽ ഹർജി സ്വീകരിക്കവെ ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, എസ്. അബ്ദുൾ നസീർ എന്നിവരുടെ ബെഞ്ച് വാക്കാൽ പറഞ്ഞത്. ഹർജിയിൽ നേരത്തേ അഖിലേന്ത്യാ മുസ്ളിം വ്യക്തിനിയമബോർഡ്, വഖഫ് ബോർഡ്, ദേശീയ വനിതാ കമ്മിഷൻ തുടങ്ങിയവർക്ക് നോട്ടീസയച്ചിരുന്നു.

ശബരിമല യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ, മുസ്ളിം പള്ളികളിലും സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലഭാരത് ഹിന്ദുമഹാസഭ കേരള സംസ്ഥാന അദ്ധ്യക്ഷൻ സ്വാമി ദത്താത്രേയ സായി സ്വരൂപ് നാഥ് നൽകിയ ഹർജി ജൂലായിൽ സുപ്രീംകോടതി തള്ളിയിരുന്നു.