ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം ലഭിക്കാതിരുന്ന ബി.ജെ.പി, ദുഷ്യന്ത് ചൗട്ടാലയുടെ ജൻനായക് ജനതാ പാർട്ടിയുടെ (ജെ.ജെ.പി) പിന്തുണയോടെ വീണ്ടും സംസ്ഥാന ഭരണത്തിന് താക്കോൽ കൈക്കലാക്കി. ജെ.ജെ.പിയുടെ തിരഞ്ഞെടുപ്പു ചിഹ്നമാണ് താക്കോൽ. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും ദുഷ്യന്ത് ചൗട്ടാലയുമായി ഇന്നലെ ഷായുടെ വസതിയിൽ നടത്തിയ ചർച്ചയിലാണ് തൂക്കുസഭയെന്ന പ്രതിസന്ധി ഒഴിഞ്ഞത്.
ഇതോടെ, ഹരിയാനയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി കഴിഞ്ഞ തവണ സ്ഥാനമേറ്റ മനോഹർലാൽ ഖട്ടർ രണ്ടാംവട്ടവും കസേരയിലെത്തും. ഉപമുഖ്യ പദത്തിനായുള്ള ദുഷ്യന്ത് ചൗട്ടാലയുടെ അവകാശവാദം ബി.ജെ.പി അംഗീകരിച്ചതായാണ് റിപ്പോർട്ട്. ഇന്നു രാവിലെ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് കത്തു നൽകുമെന്ന് മനോഹർലാൽ ഖട്ടർ ഡൽഹിയിൽ പ്രഖ്യാപിച്ചു. മന്ത്രിസഭയിൽ ഒരു കാബിനറ്റ് പദവിയും സഹമന്ത്രിപദവും കൂടി ജെ.ജെ.പിക്ക് ലഭിക്കും.
സംസ്ഥാനത്ത് അപ്രതീക്ഷിത മുന്നേറ്റം നടത്തിയ കോൺഗ്രസ്, ഭൂപിന്ദർ ഹൂഡയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരണ ശ്രമം തുടങ്ങിയിരുന്നെങ്കിലും ഫലിച്ചില്ല. 90 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 40 സീറ്റും കോൺഗ്രസിന് 31 സീറ്റുമാണ് ലഭിച്ചത്. പത്തു മാസം മുമ്പ് പിറവിയെടുത്ത ജെ.ജെ.പി ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയത് 10 സീറ്റ്. ഏഴു സീറ്റിൽ സ്വതന്ത്രർ ജയിച്ചപ്പോൾ ഹരിയാന ലോക്ഹിത് പാർട്ടിക്കും ഇന്ത്യൻ നാഷണൽ ലോക്‌ദളിനും ഓരോ സീറ്റ് ലഭിച്ചു. 46 ആണ് കേവല ഭൂരിപക്ഷ സംഖ്യ.
ദുഷ്യന്ത് ചൗട്ടാലയുമായി കോൺഗ്രസ് ചർച്ചകൾ തുടങ്ങിയിരുന്നെങ്കിലും സ്വതന്ത്രർ ബി.ജെ.പിയെ അനുകൂലിച്ചതോടെ ചിത്രം മാറുകയായിരുന്നു. തങ്ങൾ പിന്തുണച്ചില്ലെങ്കിലും ബി.ജെ.പി ഭരണത്തിലെത്തുമെന്ന് വ്യക്തമായതോടെ അതുവരെ സസ്‌പെൻസ് സൂക്ഷിച്ച ദുഷ്യന്ത് ചൗട്ടാല ബി.ജെ.പിയെ പിന്തുണയ്‌ക്കാൻ തയ്യാറായി. ബി.ജെ.പിയോ കോൺഗ്രസോ തങ്ങൾക്ക് തൊട്ടുകൂടാത്തവരല്ലെന്നു പ്രഖ്യാപിച്ചാണ് ചൗട്ടാല നേരത്തെ സഖ്യരൂപീകരണത്തിന് വാതിൽ തുറന്നിട്ടത്.
സർക്കാർ തസ്തികകളിൽ സംസ്ഥാനത്തെ യുവാക്കൾക്ക് 75 ശതമാനം സംവരണം, അർബുദ രോഗികൾക്ക് സൗജന്യ ചികിത്സ എന്നിവ ഉൾപ്പെടെ ജെ.ജെ.പിയുടെ പൊതു മിനിമം പരിപാടി ഇന്നലെ രാത്രിയിലെ ചർച്ചയിൽ അതിത് ഷാ അംഗീകരിച്ചു. ഒരു സീറ്റ് മാത്രം ലഭിച്ച ഹരിയാനാ ലോക്‌ഹിത് പാർട്ടിയുടെ നേതാവ് ഗോപാൽ കാണ്ഠയുടെ നേതൃത്വത്തിൽ നേരത്തെ സ്വതന്ത്രർ മുന്നോട്ടുവച്ച പിന്തുണ സ്വീകരിക്കാൻ ബി.ജെ.പി ഒരുങ്ങിയെങ്കിലും ജെ.ജെ.പി പിന്തുണയോടെ സഖ്യത്തിന് 50 പേരുടെ അംഗബലമാകും.
എയർഹോസ്‌റ്ററിന്റെ ആത്മഹത്യയുടെ പേരിൽ വിവാദത്തിലായ ഗോപാൽ കാണ്ഠയുടെ പിന്തുണ തലവേദനയാകുമെന്നു കണ്ടാണ് ജെ.ജെ.പിയെ അനുനയിപ്പിക്കാൻ അമിത് ഷാ മുൻകൈയെടുത്തത്.
സ്വതന്ത്രർ സ്വന്തം കുഴി തോണ്ടി രാഷ്ട്രീയഭാവി ഇല്ലാതാക്കിയെന്ന് കോൺഗ്രസ് നേതാവ് ഭുപീന്ദർ ഹൂഡ പറഞ്ഞു.