amith-shah

ന്യൂഡൽഹി/മുംബയ്: ഭരണത്തുടർച്ച ഉറപ്പാക്കിയെങ്കിലും മഹാരാഷ്‌ട്രയിൽ സംഖ്യകക്ഷിയായ ശിവസേന മുഖ്യമന്ത്രി പദം പങ്കിടുന്നതിൽ അടക്കം പിടിവാശി തുടരുന്ന സാഹചര്യത്തിൽ സമവായമുണ്ടാക്കാൻ ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെ ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് പരമാവധി വിട്ടുവീഴ്‌ച ചെയ്‌തെന്നും ഇനി തങ്ങൾ പറയുന്നത് ബി.ജെ.പി കേൾക്കണമെന്നുമാണ് ശിവസേനയുടെ നിലപാട്. 288 അംഗ നിയമസഭയിൽ ബി.ജെ.പി: 105, ശിവസേന: 56, എൻ.സി.പി: 54, കോൺഗ്രസ്: 44 എന്നതാണ് ഒടുവിലത്തെ കക്ഷി നില.

രണ്ടരവർഷം ഒരു മുഖ്യമന്ത്രി എന്ന ഫോർമുലയാണ് ശിവസേന മുന്നോട്ടു വയ്‌ക്കുന്നത്. താക്കറെ കുടുംബത്തിൽ നിന്ന് ആദ്യമായി തിരഞ്ഞെടുപ്പ് ജയിച്ച യുവ നേതാവ് ആദിത്യതാക്കറെ അടുത്ത മഹാരാഷ്‌ട്ര മുഖ്യമന്ത്രി എന്നെഴുതിയ പോസ്‌റ്ററുകൾ പലയിടത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ദേവേന്ദ്ര ഫഡ്‌നവിസ് അടക്കമുള്ള ബി.ജെ.പി നേതൃത്വം ഇത് അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ ദേശീയ നേതൃത്വം ഇടപെടണമെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പിന് മുൻപ് സീറ്റ് ധാരണാ ചർച്ചകളിൽ പരാമാവധി വിട്ടുവീഴ്‌ച ചെയ്‌തത് പാർട്ടിക്ക് ദോഷം ചെയ്‌തുവെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിനും എൻ.സി.പിക്കും സ്വാധീനമുള്ള സീറ്റുകളാണ് സേനയ്‌ക്ക് ലഭിച്ചത്. കേന്ദ്ര സർക്കാർ ചുമത്തിയ എൻഫോഴ്‌സ്‌മെന്റ് കേസുകൾ വഴി എൻ.സി.പിക്ക് സഹതാപവോട്ടുകൾ ഏറെ ലഭിച്ചതും സേനയ്‌ക്കാണ് ദോഷം ചെയ‌്‌തത്. ജയിച്ച 13സ്വതന്ത്രമാരിൽ മിക്കവരും ബി.ജെ.പി-സേനാ റിബലുകളാണ്. അവർ വഴി 30 സീറ്റുകളിലെങ്കിലും മുന്നണിക്ക് തിരിച്ചടി ഉണ്ടായെന്നും ഉദ്ധവ് വ്യക്തമാക്കി. 2014ൽ ബി.ജെ.പിക്ക് 122ഉം ശിവസേനയ്‌ക്ക് 63ഉം സീറ്റുകൾ ലഭിച്ചിരുന്നു.

അതിനിടെ ശിവസേനയെ മുന്നിൽ നിറുത്തി കോൺഗ്രസ് - എൻ.സി.പി കക്ഷികൾ സർക്കാരുണ്ടാക്കുമെന്ന ശ്രുതിയും സജീവമാണ്. മൂന്നു പാർട്ടികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രതിപക്ഷത്തിരിക്കുമെന്ന് എൻ.സി.പി നേതാവ് ശരത് പവാർ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ ധാർഷ്‌ട്യത്തിന് ഏറ്റ തിരിച്ചടി. ചെറിയ പാർട്ടികൾക്ക് പോലും 25ഒാളം സീറ്റുകൾ ജനഹിതം തെളിയിക്കുന്നു. എൻജിനീയറിംഗ് മികവുകൊണ്ടും പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചും തിരഞ്ഞെടുപ്പ് ജയിക്കാനാവില്ല.

ശിവസേന മുഖപത്രം സാമ്നെ എഡിറ്റോറിയൽ