ന്യൂഡൽഹി: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയെ മിസോറം ഗവർണറായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാവാൻ കുമ്മനം രാജശേഖരൻ രാജിവച്ച ഒഴിവിലാണ് നിയമനം. നിലവിൽ അസാം ഗവർണർ ജഗദിഷ് മുഖി മിസോറമിന്റെ അധികച്ചുമതല വഹിക്കുകയാണ്.

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തോൽവിക്ക് തൊട്ടു പിന്നാലെയാണ്‌ ശ്രീധരൻ പിള്ളയെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്ന്‌ ഒഴിവാക്കിയതെന്ന പ്രത്യേകതയുണ്ട്. ശബരിമല സമരത്തിന് ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി നേട്ടമുണ്ടാക്കാതെ പോയതോടെ ശ്രീധരൻപിള്ളയെ മാറ്റുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാലത് ഉപതിരഞ്ഞെടുപ്പ് ഫലം വരെ നീണ്ടു. പകരം ഗവർണർ സ്ഥാനം നൽകുന്നത് തികച്ചും അപ്രതീക്ഷിതമാണ്.
കുമ്മനം രാജശേഖരന് പിന്നാലെ കേരളത്തിൽ നിന്നുള്ള മറ്റൊരു ബി.ജെ.പി അദ്ധ്യക്ഷൻ കൂടി മിസോറം ഗവർണറാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ശ്രീധരൻ പിള്ളയ്ക്കായി പ്രചാരണത്തിൽ സജീവമായിരിക്കെയാണ് 2018 മേയിൽ അന്ന് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനത്തെ മിസോറം ഗവർണറാക്കിയത്. ഈ വർഷം മാർച്ച് എട്ടിന് പദവി രാജിവച്ച് തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

മുർമു കാശ്മീരിലും മാതൂർ ലഡാക്കിലും

ലെഫ്റ്റനന്റ് ഗവർണർമാർ

ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായി പുനഃസംഘടിപ്പിക്കപ്പെട്ട ജമ്മു കാശ്മീരിന്റെ ആദ്യ ലെഫ്. ഗവർണറായി കേന്ദ്ര എക്സ്പെൻഡിച്ചർ സെക്രട്ടറി ഗിരിഷ് ചന്ദ്ര മുർമുവിനെയും ലഡാക്കിന്റെ ആദ്യ ലെഫ്.ഗവർണറായി മുൻ കേന്ദ്ര മുഖ്യവിവരാവകാശ കമ്മിഷണർ രാധകൃഷ്ണ മാതൂറിനെയും നിയമിച്ചു.

രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും 31ന് നിലവിൽ വരും. ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക്കിനെ ഗോവ ഗവർണായി സ്ഥലംമാറ്റി. ഗോവ ഗവർണറായിരുന്ന മൃദുല സിൻഹയുടെ കാലാവധി 23ന് അവസാനിച്ചിരുന്നു.
1985 ബാച്ച് ഗുജറാത്ത് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഗിരിഷ് മുർമു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. മോദിയുടെ വിശ്വസ്തൻമാരിൽ ഒരാളായ മുർമു ഒഡിഷ സ്വദേശിയാണ്. ഈ വർഷം മാർച്ചിലാണ് ധനകാര്യ മന്ത്രാലയത്തിൽ എക്സ്പെൻഡിച്ചർ സെക്രട്ടറിയായത്.

1977 ത്രിപുര ബാച്ച് റിട്ട. ഐ.എ.എസ് ഓഫീസറായ മാതൂർ കേന്ദ്ര പ്രതിരോധ സെക്രട്ടറിയായി 2015 മേയിലാണ് വിരമിച്ചത്. 2016 ജനുവരിയിൽ മുഖ്യവിവരാവകാശ കമ്മിഷണറായി. 2018 നവംബറിൽ വിരമിച്ചു. നിലവിൽ ത്രിപുര മുഖ്യമന്ത്രിയുടെ കാബിനറ്റ്‌ റാങ്കുള്ള ഉപദേശകനാണ്‌.