ന്യൂഡൽഹി/ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് മനോഹർ ലാൽ ഖട്ടറും ഉപമുഖ്യമന്ത്രിയായി ജൻനായക് ജനതാ പാർട്ടി(ജെ.ജെ.പി) നേതാവ് ദുഷ്യന്ത് ചൗട്ടാലയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ചണ്ഡിഗഡ് രാജ്ഭവനിൽ ഉച്ചയ്ക്ക് 2.15ന് നടക്കുന്ന ചടങ്ങിൽ ഗവർണർ സത്യദേവ് നരെയ്ൻ ആര്യ സത്യവാചകം ചൊല്ലിക്കൊടുക്കും.
ബി.ജെ.പിയുടെ 40 നൊപ്പം ജെ.ജെ.പിയുടെ 10ഉം ഏഴ് സ്വതന്ത്രരും അടക്കം 57 എം.എം.എമാർ സർക്കാരിനെ പിന്തുണയ്ക്കുമെന്നുറപ്പായതോടെ മനോഹർ ലാൽ ഖട്ടറും ദുഷ്യന്തും ഇന്നലെ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു. സർക്കാരിന് പിന്തുണ നൽകുമെന്ന് അറിയിച്ച കത്ത് ദുഷ്യന്ത് ഗവർണർക്ക് നൽകി. കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിന്റെ മേൽനോട്ടത്തിൽ നടന്ന യോഗത്തിൽ നിയമസഭാ കക്ഷി നേതാവായി ഖട്ടറിനെ തിരഞ്ഞെടുത്ത ശേഷമാണ് ഗവർണറെ കാണാൻ പോയത്. രണ്ടാംവട്ടവും മുഖ്യമന്ത്രിയാകുന്ന ഖട്ടറെ രവിശങ്കർ പ്രസാദ് അഭിനന്ദിച്ചു. അതിനിടെ പ്രമുഖ ബി.ജെ.പി നേതാവും അംബാലാ കൺന്റോൻമെന്റ് എം.എൽ.എയുമായ അനിൽ വിജിനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.
ജെ.ജെ.പി നിയമസഭാ കക്ഷി യോഗത്തിൽ ദുഷ്യന്തിന്റെ മാതാവും ബാദ്ര മണ്ഡലത്തിലെ എം.എൽ.എയുമായ നൈനാ ചൗട്ടാതാലയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യമുയർന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഒടുവിൽ ദുഷ്യന്തിന്റെ പേര് ഉറപ്പിക്കുകയായിരുന്നു. സർക്കാരിന് ഏഴ് സ്വതന്ത്രൻമാരുടെ പിന്തുണ ഉറപ്പായതിനാൽ ആരോപണ വിധേയനായ ഹരിയാനാ ലോക്ഹിത് പാർട്ടി നേതാവ് ഗോപാൽ കാണ്ഠയെ തത്ക്കാലം മാറ്റിനിറുത്താനാണ് തീരുമാനം. ഗോപാൽ കാണ്ഠയെ മാറ്റി നിറുത്തണമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ഉമാഭാരതി അടക്കം ആവശ്യപ്പെട്ടിരുന്നു.