ന്യൂഡൽഹി: മുഖ്യമന്ത്രി പദവിയെച്ചൊല്ലി ശിവസേന പിടിവാശി തുടരുന്ന മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം നീളുന്നു. രണ്ടര വർഷം മുഖ്യമന്ത്രി പദം നൽകാമെന്ന് രേഖാമൂലം എഴുതി നൽകിയാൽ മാത്രമേ പിന്തുണ നൽകൂ എന്ന നിലപാടിലാണ് ശിവസേന. ദീപാവലിക്ക് ശേഷം ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ശിവസേനാ മേധാവി ഉദ്ധവ് താക്കറെയുമായി ചർച്ച നടത്തുമെന്നാണ് സൂചന. 288 അംഗ നിയമസഭയിൽ 105 സീറ്റുകളിൽ ജയിച്ച ബി.ജെ.പിക്ക് കേവല ഭൂരിപക്ഷത്തിന്(145) സേനയുടെ (56) സഹായം അനിവാര്യമാണ്.
മുഖ്യമന്ത്രി പദം രണ്ടരവർഷം വീതം പങ്കിടുന്ന കാര്യത്തിൽ തിരഞ്ഞെടുപ്പിന് മുൻപ് അമിത് ഷായുമായി ഉണ്ടാക്കിയ ധാരണ നടപ്പാക്കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.
ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശിവസേനയ്ക്ക് ലഭിച്ച സീറ്റുകൾ കുറവായിരുന്നു. ഇനിയും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ലെന്നും ഉദ്ധവ് പറഞ്ഞു. താക്കറെ കുടുംബത്തിൽ നിന്ന് ആദ്യമായി തിരഞ്ഞെടുപ്പ് ജയിച്ച ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്ന് സേനാ എം.എൽ.എമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിതമായ തീരുമാനമെടുക്കാൻ പാർട്ടി യോഗം ഉദ്ധവ് താക്കറയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. സേനയുടെ ആവശ്യം ബി.ജെ.പി പരിഗണിക്കണമെന്ന് എൻ.ഡി.എ കക്ഷിയായ ആർ.പി.ഐ നേതാവ് രാമദാസ് അത്താവലെ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി പദം പങ്കിടുന്നത് സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് ബി.ജെ.പി നേതാവ് റാവു സാഹിബ് ദൻവെ പറഞ്ഞത്. ദീപാവലി കഴിഞ്ഞ് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒക്ടോബർ 30ന് ബി.ജെ.പി നിയമസഭാകക്ഷി യോഗം ചേരുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അറിയിച്ചു.
105 എം.എൽ.എമാരോടും യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.