ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ, ഡെന്റൽ കൽപ്പിത സർവകലാശാലകളിലെ ഫീസ് നിയന്ത്രിക്കാൻ യു.ജി.സി വിദഗ്ദ്ധരടങ്ങിയ സമിതി രൂപീകരിച്ചേക്കും. തലവരിപ്പണമടക്കം വിദ്യാർത്ഥികളെ ചൂഷണം ചെയ്ത് കൊള്ളലാഭമുണ്ടാക്കുന്നത് തടയാനും പണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പ്രവേശനം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് നീക്കം. കൊള്ള ഫീസ് ഉൾപ്പെടെയുള്ള ഓരോ ചട്ടലംഘനങ്ങൾക്കും പത്തുലക്ഷം രൂപ വീതം വരെ പിഴയീടാക്കാനും അധിക ഫീസ് വിദ്യാർത്ഥികൾക്ക് മടക്കി നൽകാൻ ഉത്തരവിടാനും ഈ സമിതിക്ക് അധികാരമുണ്ടാകും.

ഫീസുകൾ സംബന്ധിച്ച കൃത്യമായ കണക്കുകൾ കോളേജുകൾ സൂക്ഷിക്കണം. ഈ കണക്കുകൾ തേടാനുള്ള അധികാരവും സമിതിക്കുണ്ടായിരിക്കും. ഫീസ് നീതിപൂർവകമാണോയെന്ന് പരിശോധിക്കുമ്പോൾ കോളേജ് നിലനിൽക്കുന്ന പ്രദേശത്തിലെ എസ്.സി,എസ്.ടി, സാമൂഹ്യ, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾ തുടങ്ങിയ സാമൂഹ്യസാഹചര്യവും സമിതി പരിഗണിക്കുമെന്നും യു.ജി.സി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു.
2018ൽ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മെഡിക്കൽ, ഡെന്റൽ സ്വാശ്രയ കൽപ്പിത സർവകലാശാലകളിലെ ഫീസ് നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ രൂപീകരിക്കാൻ എയിംസ് മുൻ ഡയറക്ടർ പ്രൊഫ.ആർ.സി ദേക്ക ചെയർമാനായി സമിതിയെ യു.ജി.സി നിയോഗിച്ചിരുന്നു. മെഡിക്കൽ കൗൺസിലിന്റെയും ഡെന്റൽകൗൺസിലിന്റെയും മാനവവിഭവശേഷിമന്ത്രാലയത്തിലെയും പ്രതിനിധികളടക്കമുള്ള ഈ 11 അംഗ സമിതിയാണ് ഫീസ് നിയന്ത്രിക്കാൻ സമിതി രൂപീകരിക്കാനും ചട്ടലംഘനങ്ങൾക്ക് പിഴയീടാക്കാനുമുള്ള നിർദ്ദേശം സമർപ്പിച്ചത്. ഈ കരട് നിർദ്ദേശങ്ങളിൽ യു.ജി.സി ഉടൻ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.