ന്യൂഡൽഹി: മൊബൈൽ ഫോണുകൾ ഉപയോഗിച്ചുള്ള പരീക്ഷ തട്ടിപ്പുകൾ തടയാൻ പരീക്ഷ കേന്ദ്രങ്ങൾക്ക് സമീപം മൊബൈൽ ജാമറുകൾ സ്ഥാപിക്കണമെന്ന് യു.ജി.സി നിർദ്ദേശം. ഒക്ടോബർ 16നാണ് രാജ്യത്തെ സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കുലർ നൽകിയത്. ജാമർ സ്ഥാപിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് അനുമതി വാങ്ങണം. കേന്ദ്ര സർക്കാരിന്റെ മൊബൈൽ ജാമർ നയത്തിന് അനുസരിച്ചായിരിക്കണം നിർദ്ദേശം നടപ്പാലിക്കേണ്ടത്. വൈസ് ചാൻസലർമാർ എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും സന്ദർശിച്ച് മൊബൈൽ ജാമർ സ്ഥാപിച്ചത് ഉറപ്പുവരുത്തണമെന്നും സർക്കുലറിൽ നിർദ്ദേശിച്ചു. നവംബറിലെ സെമസ്റ്റർ പരീക്ഷകൾ മുതൽ ഈ നിർദ്ദേശം നടപ്പാക്കാൻ ബാംഗ്ലൂർ യൂണിവേഴ്സിറ്റി തീരുമാനിച്ചിട്ടുണ്ട്.