ന്യൂഡൽഹി: അയോദ്ധ്യ ബാബറി മസ്ജിദ് രാമജന്മഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധി പറയാനിരിക്കെ രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ച് കോൺഗ്രസ് പ്രവർത്തകസമിതിയിലെ രണ്ട് മുതിർന്ന നേതാക്കൾ. ഉത്താരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ എന്നിവരാണ് അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി വിളിച്ചുചേർത്ത മുതിർന്ന നേതാക്കളുടെ യോഗത്തിൽ പറഞ്ഞത്. പിന്നീട് ദേശീയ മാദ്ധ്യമങ്ങളോടും ഇവർ ഇക്കാര്യം ആവർത്തിച്ചു.
കാശ്മീർ, മുത്തലാഖ്, പൗരത്വ രജിസ്റ്റർ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. തുടർന്നാണ് ആശയ ഐക്യമുണ്ടാക്കുന്നതിനായി സോണിയ കഴിഞ്ഞദിവസം മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചത്.
ഹിന്ദുവെന്ന നിലയിൽ ഉറപ്പായും രാമക്ഷേത്രം നിർമ്മിച്ചു കാണാൻ ആഗ്രഹിക്കുന്നതായി ജിതിൻ പ്രസാദ പറഞ്ഞു. കോടതി ഉത്തരവ് എന്തായാലും പാലിക്കേണ്ടതുണ്ട്. കോടതി എത്രയും വേഗം വിധി പുറപ്പെടുവിക്കണം. എല്ലാ മതവിഭാഗങ്ങളും സൗഹാർദ്ദത്തോടെ കഴിയണമെന്നും ജിതിൻ പ്രസാദ പറഞ്ഞു.
കോൺഗ്രസ് ഇതിനെ ഭൂമി തർക്കമായാണ് കാണുന്നതെന്നും രാമക്ഷേത്രം നിർമ്മിക്കണമെന്നു തന്നെയാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഹരീഷ് റാവത്ത് പറഞ്ഞു. രാമക്ഷേത്ര നിർമ്മാണത്തിന് കോൺഗ്രസ് ശ്രമിക്കുമെന്ന് നേരത്തെ തന്നെ റാവത്ത് പറഞ്ഞിരുന്നു.
ഉത്തരാഖണ്ഡിൽ ഭരണം നിലനിറുത്താൻ 2016 ൽ എം.എൽ.എമാരെ പണം കൊടുത്ത് ബി.ജെ.പിയിൽ നിന്ന് തിരികെയെത്തിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കഴിഞ്ഞദിവസമാണ് സി.ബി.ഐ ഹരീഷ് റാവത്തിനെതിരെ കേസെടുത്തത്.