modi

ന്യൂഡൽഹി: അയോദ്ധ്യ കേസിൽ സുപ്രീംകോടതി വിധി പറയാനിരിക്കെ,​ 2010 ൽ അലഹാബാദ് ഹൈക്കോടതി വി

ധിവന്ന കാലഘട്ടം ഓർമ്മിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്ന് വിധി വന്നശേഷം രാജ്യത്തെ രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും പക്വമായ ഇടപെടൽ നടത്തിയെന്ന്,​ പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിൽ മോദി പറഞ്ഞു.

2010 സെപ്തംബറിൽ രാമജന്മഭൂമിയുടെ കാര്യത്തിൽ അലഹബാദ് ഹൈക്കോടതി തീരുമാനം പ്രഖ്യാപിച്ചത് എനിക്കോർമ്മയുണ്ട്. തത്പരകക്ഷികൾ നേട്ടം കൊയ്യാൻ ചില കളികൾ കളിക്കുകയായിരുന്നു.വ്യത്യസ്തങ്ങളായ സ്വരങ്ങളിൽ വിഷയത്തിന് എരിവു പകരാൻ ശ്രമങ്ങൾ നടന്നു. പക്ഷേ, രാമജന്മഭൂമിയുടെ കാര്യത്തിൽ തീരുമാനം വന്നപ്പോൾ ഗവൺമെന്റ്, രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക സംഘടനകൾ, പൗരസമൂഹം, മത പ്രതിനിധികൾ, സന്യാസിമാർ തുടങ്ങിയവർ സന്തുലിതവും സംയമനത്തോടെയുള്ളതുമായ പ്രസ്താവനകളിറക്കി.

ആ ദിനങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ സന്തോഷം തോന്നുന്നു. കോടതിയുടെ ഔന്നത്യത്തിന് ആദരവേകി. ഇക്കാര്യങ്ങൾ എന്നും ഓർമ്മ വയ്ക്കേണ്ടതുണ്ട്. ആ ദിനങ്ങൾ നമുക്ക് കർത്തവ്യബോധം പകരുന്നു. ഐക്യത്തിന്റെ സ്വരം, രാജ്യത്തിന് എത്ര വലിയ ശക്തിയാണ് നല്കുന്നതെന്നതിന് ഉദാഹരണമാണ് ഇതെന്നും മോദി പറഞ്ഞു.

നവംബർ 17ന് ചീഫ് ജസ്റ്റിസ് ര‌ഞ്ജൻ ഗോഗോയ് വിരമിക്കുന്നതിനു മുൻപ് അയോദ്ധ്യ കേസിൽ സുപ്രീംകോടതി വിധി വരും. ഒക്ടോബർ 16നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് വിധി പറയാൻ മാറ്റിയത്.

ആർ.എസ്.എസ് നേതാക്കൾ

ഡൽഹിയിലേക്ക്?​

അയോദ്ധ്യ വിധി കണക്കിലെടുത്ത് നവംബർ 12 മുതൽ ആർ.എസ്.എസ് നേതാക്കൾ ഡൽഹിയിൽ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. സർസംഘചാലക് മോഹൻ ഭാഗവത്, ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി തുടങ്ങിയവർ ഡൽഹിയിലുണ്ടാകുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതിനിടെ വിധി അനുകൂലമായാലും പ്രതികൂലമായാലും പരസ്യമായി വൈകാരിക പ്രകടനങ്ങൾ നടത്തരുതെന്ന് ഉത്തർപ്രദേശിലെ മുസ്‌ലിം പുരോഹിതർ ആഹ്വാനം ചെയ്തു.