delhi-bus-

ന്യൂഡൽഹി: സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ഡൽഹിയിൽ വനിതകൾക്കായി എ.എ.പി. സർക്കാർ പ്രഖ്യാപിച്ച സൗജന്യ ബസ് യാത്ര പദ്ധതി ഇന്ന് മുതൽ ആരംഭിക്കും. ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷൻ(ഡി. ടി. സി.) ബസുകളിലും ക്ലസ്റ്റർ ബസുകളിലുമാണ് വനിതകൾക്ക് സൗജന്യമായി യാത്ര ചെയ്യാനാവുക. പിങ്ക് നിറത്തിലുള്ള പ്രത്യേക യാത്രാ ടിക്കറ്റുകളുടെ അച്ചടി ആരംഭിച്ചു കഴിഞ്ഞു. ഡൽഹിയിൽ 3,781 ഡി. ടി. സി. ബസുകളും 1,704 ക്ലസ്റ്റർ ബസുകളുമാണ് നിലവിൽ സർവീസ് നടത്തുന്നത്.

യാത്രക്കാരായ വനിതകൾക്ക് പ്രത്യേകമായി തയാറാക്കിയ പിങ്ക് നിറത്തിലുള്ള ടിക്കറ്റാവും നൽകുക. ഇത്തരത്തിൽ വിതരണം ചെയ്ത ഓരോ ടിക്കറ്റിനും 10 രൂപ വീതം മൂല്യം കണക്കാക്കിയാണ് ഈയിനത്തിൽ ഡി. ടി. സിക്കും ക്ലസ്റ്റർ ബസിനുമുള്ള ധനസഹായം അനുവദിക്കുക. പദ്ധതി നടപ്പാക്കാൻ 290 കോടി രൂപയാണ് സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്. ഇതിൽ 90 കോടിയോളം രൂപയാണ് ഡി. ടി. സിക്കും 50 കോടി രൂപ ക്ലസ്റ്റർ ബസുകൾക്കുമായി ലഭിക്കുക; അവശേഷിക്കുന്ന 150 കോടി രൂപ ഡൽഹി മെട്രോയുടെ വിഹിതമാണ്. എന്നാൽ ഡൽഹി മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.