ന്യൂഡൽഹി: അധികാരത്തർക്കം രൂക്ഷമായ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം നീളുന്നതിനിടെ ബി.ജെ.പിയും ശിവസേനയും പ്രത്യേകം ഗവർണറെ കണ്ടു. ശിവസേന നേതാവും സംസ്ഥാന ഗതാഗതമന്ത്രിയുമായ ദിവാകർ റാവത്ത് രാവിലെ 10.30നാണ് രാജ്ഭവനിലെത്തി ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ കണ്ടത്. 11 മണിയോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഗവർണറെ സന്ദർശിച്ചു. അതേസമയം ദീപാവലി ആശസംകളറിയിക്കാനാണ് കൂടിക്കാഴ്ചയെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.
1993 മുതൽ ദീപാവലിക്ക് ഗവർണറെ താൻ സന്ദർശിക്കാറുണ്ടെന്നും രാഷ്ട്രീയം ചർച്ചയായില്ലെന്നും ദിവാകർ റാവത്ത് പറഞ്ഞു. ദീപാവലി ആശംസകളറിയിച്ചെന്ന് ട്വീറ്റ് ചെയ്ത് ഫഡ്നാവിസ് സംസ്ഥാനത്ത് നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ച് ഗവർണറോട് വിശദീകരിച്ചെന്നും വ്യക്തമാക്കി.
മഹാരാഷ്ട്ര നിയമസഭയിൽ ബി.ജെ.പി ശിവസേന സഖ്യത്തിന് കേവല ഭൂരിപക്ഷം ലഭിച്ചെങ്കിലും ആദിത്യ താക്കറെ മുഖ്യമന്ത്രിയാക്കി രണ്ടര വർഷം അധികാരം പങ്കിടണമെന്ന് ശിവസേന നിലപാടെടുത്തതോടെയാണ് പ്രതിസന്ധിയുണ്ടായത്.ബി.ജെ.പിക്ക് 105 ഉം ശിവസേനയ്ക്ക് 56 ഉം എം.എൽ.എമാരാണുള്ളത്. സ്വതന്ത്ര എം.എൽ.എമാരായ ഗീതാ ജയിൻ, രാജേന്ദ്ര റൗട്ട് എന്നിവർ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് അംഗങ്ങളുള്ള പ്രഹർ ജനശക്തി പാർട്ടി ശിവസേനയ്ക്കൊപ്പമാണ്.
അതേസമയം എൻ.സി.പി കോൺഗ്രസ് പിന്തുണയോടെ ഭരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് സൂചിപ്പിച്ചു. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോയില്ല. ബി.ജെ.പിയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് ഉദ്ധവ് താക്കറെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മറ്റു സാദ്ധ്യതകൾ നോക്കാൻ തങ്ങളെ പ്രേരിപ്പിക്കരുതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അതിനിടെ രാജ്യത്തെ സാമ്പത്തിക മാന്ദ്യവിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ശിവസേന മുഖപത്രമായ സാംനയിൽ എഡിറ്റോറിയൽ എഴുതി. ഇവിടെയെന്താണ് ഇത്ര നിശബ്ദത എന്ന ഷോലെ സിനിമയിലെ പ്രശസ്തമായ സംഭാഷണമാണ് ഉദ്ധരിച്ചായിരുന്നു ദീപാവലി ആഘോഷകാലത്തെ പരിഹാസം.