ശ്രീനഗർ: കാശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ 27 എം.പിമാരടങ്ങിയ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം ഇന്നലെ ഉച്ചയോടെ കാശ്മീരിലെത്തി. ജനപ്രതിനിധികളുമായും നാട്ടുകാരുമായും സംഘം കൂടിക്കാഴ്ച നടത്തി. പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധികളും സൈനിക നടപടികളും ജമ്മു കാശ്മീരിനെ അന്താരാഷ്ട്ര തലത്തിൽ ചർച്ചാവിഷയമാക്കിയ സാഹചര്യത്തിലാണ് യു.എൻ സംഘത്തിന്റെ സന്ദർശനം. അതേസമയം സന്ദർശനത്തിന് തൊട്ടുമുമ്പായി സൗത്ത് കാശ്മീരിലും ശ്രീനഗറിലും ചിലയിടങ്ങളിൽ കല്ലേറുണ്ടായതായി റിപ്പോർട്ടുണ്ട്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് ഒരു വിദേശപ്രതിനിധി സംഘം ഇവിടെയെത്തുന്നത്. തീവ്ര വലതുപക്ഷ നിലപാടുള്ള എം.പിമാരാണ് ഇവരിൽ പലരും. ഇറ്റലി, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ സംഘത്തിലുണ്ട്.
അതേസമയം കാശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തി. പ്രചാരണ പരിപാടി മാത്രമാണ് സന്ദർശനമെന്ന് നാഷണൽ കോൺഫറൻസ് പ്രതികരിച്ചു. സംഘത്തിലെ ഭൂരിഭാഗം എം.പിമാരും ഒരു പ്രത്യേക ആശയധാരയുടെ വക്താക്കളാണ്. മുൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മൂന്ന് മാസമായി തടവിൽ കഴിയുമ്പോൾ നടക്കുന്ന ഈ സന്ദർശനം വിരോധാഭാസമാണെന്നും
അവർ പറഞ്ഞു.
കാശ്മീരിലെ യഥാർത്ഥ അവസ്ഥ മൂടിവയ്ക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്
- പി.ഡി.പി
യൂറോപ്യൻ എം.പിമാരെ ജമ്മു കാശ്മീരിലേക്ക് സ്വാഗതം ചെയ്യുന്ന കേന്ദ്ര സർക്കാർ, ഇന്ത്യയിലെ എം.പിമാർക്ക് അനുമതി നിഷേധിക്കുന്നു. ഇത് തെറ്റായ നടപടിയാണ്.
- രാഹുൽ ഗാന്ധി,
കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ.
കാശ്മീരിൽ യൂറോപ്യൻ എം.പിമാർക്ക് വിനോദസന്ദർശനത്തിനും ഇടപെടലുകൾക്കും അനുമതിയുണ്ട്. പക്ഷേ, ഇന്ത്യൻ എം.പിമാരെയും നേതാക്കളെയും കാശ്മീർ വിമാനത്താവളത്തിൽ നിന്ന് തന്നെ തിരിച്ചയച്ചു. ഇതാണ് വിചിത്രവും അതുല്യവുമായ ദേശീയത.
-പ്രിയങ്കാ ഗാന്ധി
എ.ഐ.സി.സി ജനറൽ സെക്രട്ടറി
ഇന്ത്യൻ ജനാധിപത്യത്തെ അപമാനിക്കുന്ന നടപടിയാണിത്. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധി സംഘം കാശ്മീർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തണമെന്ന് ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല.
- ശശി തരൂർ എം.പി
ഇന്ത്യൻ എം.പിമാരെയും രാഷ്ട്രീയ നേതാക്കളെയും വിലക്കുമ്പോൾ യൂറോപ്യൻ രാഷ്ട്രീയക്കാർക്ക് അനുമതി നൽകുന്നത് ഇന്ത്യൻ പാർലമെന്റിനെയും ജനാധിപത്യത്തെയും അപമാനിക്കുന്നത്.
-ജയറാം രമേശ് , കോൺഗ്രസ് നേതാവ്
മുസ്ളിം ഭൂരിപക്ഷ പ്രദേശമായ കാശ്മീർ താഴ്വരയിൽ സന്ദർശിക്കുന്നത് ഇസ്ലാമോഫോബിയയുള്ള എം.പിമാരാണ്. തിരിച്ചു പോകൂ, ഇത്തരത്തിൽ തെറ്റുകൾ ചെയ്യരുത്. ധർമ്മമെങ്കിലും ഇവിടെ ശേഷിക്കട്ടെ എന്നാകും കശ്മീരിലെ ജനതയ്ക്ക് പറയാനുള്ളത്
-അസദുദ്ദീൻ ഉവൈസി
എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ
യൂറോപ്യൻ സംഘത്തിന്റെ കാശ്മീർ സന്ദർശനം റദ്ദാക്കണം.
- സുബ്രഹ്മണ്യൻ സ്വാമി, ബി.ജെ.പി നേതാവ്