national-news

ശ്രീനഗർ: ദക്ഷിണ കാശ്മീരിലെ കുൽഗാമിൽ അന്യസംസ്ഥാന തൊഴിലാളികളെ ഭീകരവാദികൾ വെടിവെച്ച് കൊലപ്പെടുത്തി. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗാളിലെ മുർഷിദാബാദ് സ്വദേശികളാണ് കൊല്ലപ്പെട്ടത്. തൊഴിലാളികളുടെ വാടകവീട്ടിൽ നിന്നും ഭീകരവാദികൾ അവരെ വെളിയിലേക്ക് വലിച്ചിഴച്ച് വെടിവെയ്ക്കുകയായിരുന്നു. മൂന്ന് തൊഴിലാളികളെ കാണാതായെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അതേസമയം,അനന്ത്‌നാഗ്ജില്ലയിലെ ബിജ്ബേറയിൽ കഴിഞ്ഞ ദിവസം ട്രക്ക് ഡ്രൈവറായ ബീഹാർ സ്വദേശി നാരായൺ ദത്തിനെ വെടിവച്ച് കൊലപ്പെടുത്തിയ ഭീകരനെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. നാരായൺ ദത്തിനെ വെടിവച്ചതിനെ തുടർന്ന് സ്ഥലത്ത് പൊലീസും സുരക്ഷാ സേനയും എത്തിയിരുന്നു. തെരച്ചിലിനിടെ ഭീകരർ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർത്തു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് പേരടങ്ങിയ ഭീകര സംഘത്തിലെ രണ്ട് പേർ രക്ഷപ്പെട്ടു. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.