terrorrr

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കോഹ്‌ലി എന്നിവർ ഉൾപ്പെടെ 12 പ്രമുഖർക്കെതിരെ കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനയുടെ വധഭീഷണിയെന്ന് റിപ്പോർട്ട്. ആൾ ഇന്ത്യ ലഷ്കറെ തയ്ബ ഹൈപവർ കമ്മിറ്റി കോഴിക്കോട് എന്ന സംഘടന ആക്രമണം നടത്തുമെന്ന അജ്ഞാത കത്ത് എൻ.ഐ.എയ്ക്ക് ലഭിച്ചുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, നിർമ്മലാ സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി, ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദ, ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്, ജമ്മുകാശ്മീർ ഗവർണർ സത്യപാൽ മാലിക്, ബി.ജെ.പി നേതാവ് രാംമാധവ് എന്നിവരാണ് ഹിറ്റ് ലിസ്റ്റിലുള്ള മറ്റുള്ളവർ. കത്ത്‌ വ്യാജമാകാനുള്ള സാധ്യതയുണ്ടെങ്കിലും പൊലീസ്‌ ഭീഷണി തള്ളിക്കളയുന്നില്ല.

ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നവംബർ മൂന്നിന് ഡൽഹിയിൽ ട്വന്റി -20 ക്രിക്കറ്റ് മത്സരം ആരംഭിക്കാനിരിക്കെ കോഹ്‌ലിയുടെയും ഇന്ത്യൻ ടീമിന്റെയും സുരക്ഷ ശക്തമാക്കാൻ എൻ.ഐ.എ ഡൽഹി പൊലീസിന് നിർദ്ദേശം നൽകി. വിഷയം ചൂണ്ടിക്കാട്ടി ബി.സി.സി.ഐക്കും എൻ.ഐ.എ കത്തു നൽകി.