
ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ എൻഫോഴ്മെന്റ് അറസ്റ്റ് ചെയ്‌ത് തീഹാർ ജയിലിൽ കഴിയുന്ന മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി അടുത്ത മാസം 13 വരെ ഡൽഹി ഹൈക്കോടതി നീട്ടി. ഇതോടെ തന്റെ ആരോഗ്യ സ്ഥിതി അതീവ മോശമാണെന്നും അടുത്തമാസം 4 വരെ തനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് പി.ചിദംബരം കോടതിയിൽ അപേക്ഷ നൽകി.തനിക്ക് ഉദരരോഗമുണ്ടെന്നും ചികിത്സയ്‌ക്കായി ഹൈദരാബാദിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഗ്യാസ്ട്രോ എൻറോളജിയിൽ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2007 മുതൽ കുടൽ സംബന്ധമായ അസുഖത്തിലെ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.നാഗേശ്വർ റെഡിയുടെ ചികിത്സയിലാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇതിനാകില്ലെന്നും വൈദ്യസഹായം ആവശ്യമായി വന്നാൽ ചിദംബരത്തെ എയിംസിലേക്ക് മാറ്റണമെന്നും ഇ.ഡിയ്‌ക്ക് കോടതി നിർദേശം നൽകി.
രണ്ട് ദിവസം മുമ്പ് വയറുവേദനയെത്തുടർന്ന് പി.ചിദംബരത്തെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഭേദമായതിനെത്തുടർന്ന് വൈകിട്ടോടെ ഡിസ്ചാർജ് ചെയ്‌തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം തേടി ചിദംബരം വീണ്ടും നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. സി.ബി.ഐ എടുത്ത കേസിൽ കഴിഞ്ഞ ആഴ്ച സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ വിധിയിലെ പരാമർശങ്ങളും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. ആഗസ്റ്റ് 21ന് അറസ്റ്റിലായ ചിദംബരത്തിന് പുറത്തിറങ്ങണമെങ്കിൽ ഇ.ഡി കേസിൽ കൂടി ജാമ്യം ലഭിക്കണം.