
ന്യൂഡൽഹി: ഒ.സി.ഐ. കാർഡുള്ള ( ഇന്ത്യൻ വംശജരായ വിദേശ പൗരന്മാരായുള്ളവർക്ക് നൽകുന്ന കാർഡ് ) പ്രവാസികളെ ദേശീയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ പി.എഫ്.ആർ.ഡി.എ. (പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിട്ടി ) തീരുമാനിച്ചു. ഒ.സി.ഐ കാർഡുള്ളവരെയും ദേശീയ പെൻഷൻ സ്‌കീമിൽ ഉൾപ്പെടുത്തുന്ന കാര്യം ഏറെക്കാലമായി സർക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു. 2015 നവംബർ മുതൽ പ്രവാസികളായിട്ടുള്ള ഇന്ത്യക്കാരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. അതേ ആനുകൂല്യമാണ് ഒ.സി.ഐ കാർഡുള്ളവർക്കും ഇപ്പോൾ സർക്കാർ ബാധകമാക്കിയത്. ഇതിനായി ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിൽ (ഫെമ) റിസർവ് ബാങ്ക് ഭേദഗതി വരുത്തുമെന്ന് വിവിധ ഇന്ത്യൻ കോൺസുലേറ്റുകൾ പുറപ്പെടുവിച്ച നോട്ടിഫിക്കേഷനിൽ പറയുന്നു. ദേശീയ പെൻഷൻ പദ്ധതിയിൽ ഒ.സി.ഐ. കാർഡുള്ളവർക്കും ചേരാമെന്ന നിലയിൽ കേന്ദ്ര സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തിയതോടെയാണിത്.
പങ്കാളിത്ത സംവിധാനത്തിലാണ് എൻ.പി.എസ് പ്രവർത്തിക്കുന്നത്. ഓരോരുത്തർക്കും അവരുടെ റിട്ടയർമെന്റ് കാലത്തേക്ക് എത്ര വരുമാനം വേണമെന്ന് നിശ്ചയിച്ച് അതനുസരിച്ച് ഫണ്ട് വിവിധ തവണകളായി നിക്ഷേപിക്കാം. ഓരോ അടവിനും അൻപതിനായിരം മുതൽ ഒന്നര ലക്ഷം രൂപ വരെ നിക്ഷേപിക്കുന്നവർക്ക് നികുതി ഇളവും സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ, ഒ.സിഐ. കാർഡ് ഇന്ത്യയിലേക്കുള്ള ആജീവനാന്ത വിസയായാണ് പരിഗണിക്കപ്പെടുന്നത്. നേരത്തെ, 15 വർഷത്തെ കാലയളവിലേക്കായി പി.ഐ.ഒ കാർഡുകളാണ് കേന്ദ്രം വിദേശത്തുള്ള ഇന്ത്യൻ വംശജർക്കായി അനുവദിച്ചിരുന്നത്.