jammu-

ന്യൂഡൽഹി: കേന്ദ്രഭരണപ്രദേശങ്ങളായ മ്മുകാശ്മീരിന്റെ ആദ്യ ലെഫ്. ഗവർണറായി കേന്ദ്ര എക്സ്പെൻഡിച്ചർ സെക്രട്ടറി ഗിരിഷ് ചന്ദ്ര മുർമുവും ലഡാക്കിന്റെ ആദ്യ ലെഫ്.ഗവർണറായി മുൻ കേന്ദ്ര മുഖ്യവിവരാവകാശ കമ്മിഷണർ രാധകൃഷ്ണ മാതൂറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ ലേയിൽ നടന്ന ചടങ്ങിൽ മാതൂറിന് ജമ്മുകാശ്മീർ ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഗീതാ മിത്തൽ സത്യവാചകം ചൊല്ലിക്കൊടുത്തു.

പിന്നീട് ശ്രീനഗറിൽ നടന്ന ചടങ്ങിൽ ചീഫ്ജസ്റ്റിസ് ഗീതാ മിത്തൽ മുൻപാകെ ഗിരിഷ് ചന്ദ്ര മുർമു
സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു. കനത്ത സുരക്ഷയിലായിരുന്നു ചടങ്ങ്. മുർമുവിൻറെ സത്യപ്രതിജ്ഞചടങ്ങിൽ ബി.ജെ.പി നേതാവ് ജുഗൽ കിഷോർ, പി.ഡി.പി എം.പി നസിർ ലാവെ ഉൾപ്പെടെ 250 അതിഥികളാണ് പങ്കെടുത്തത്.പ്രത്യേക പദവി പ്രകാരം ജമ്മുകാശ്മീർ സംസ്ഥാനത്തിനുണ്ടായിരുന്ന പതാക, മുദ്ര തുടങ്ങിയവയെല്ലാം ഒഴിവാക്കിയായിരുന്നു ചടങ്ങ്.
ജമ്മുകാശ്മീരിൻറെ സംസ്ഥാന പദവി റദ്ദാക്കിയതിനെതിരെ ശ്രീനഗറിൽ കേന്ദ്രസർക്കാരിനെതിരെ ഒരുകൂട്ടം ആളുകൾ പ്രതിഷേധിച്ചതായി റിപ്പോർട്ടുണ്ട്.

മോദിയുടെ വിശ്വസ്തനായ മുർമു 1985 ബാച്ച് ഗുജറാത്ത് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു.ഒഡിഷ സ്വദേശിയാണ്. 1977 ത്രിപുര ബാച്ച് റിട്ട. ഐ.എ.എസ് ഓഫീസറായ മാതൂർ കേന്ദ്ര പ്രതിരോധ സെക്രട്ടറിയായി 2015 മേയിലാണ് വിരമിച്ചത്. 2016 ജനുവരിയിൽ കേന്ദ്ര മുഖ്യവിവരാവകാശ കമ്മിഷണറായി. 2018 നവംബറിൽ വിരമിച്ചു. ത്രിപുര മുഖ്യമന്ത്രിയുടെ കാബിനറ്റ്‌ റാങ്കുള്ള ഉപദേശകനായിരിക്കെയാണ് പുതിയ നിയമനം.

നിയമസഭയും മുഖ്യമന്ത്രിയുമുള്ള കേന്ദ്രഭരണപ്രദേശമാണ് ജമ്മുകാശ്മീർ. ഭൂവിനിയോഗ അധികാരം തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിനാണ്. ക്രമസമാധാന ചുമതലയും പൊലീസിന്റെ നിയന്ത്രണവും കേന്ദ്രത്തിനായിരിക്കും. നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 107ൽ നിന്ന് 114 ആയി ഉയർന്നിട്ടുണ്ട്. നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശമാണ് ലഡാക്ക് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് നേരിട്ടുള്ള നിയന്ത്രണത്തിലാകും. ജമ്മുകാശ്മീർ ഹൈക്കോടതി തന്നെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി പ്രവർത്തിക്കും.
ജമ്മുകാശ്മീരിന് അഞ്ചും ലഡാക്കിന് ഒന്നും ലോക്സഭാ സീറ്റുകളാണുള്ലത്. ജമ്മുകാശ്മീർ ഡി.ജി.പിയായി ദിൽബാഗ് സിംഗ് തുടരും. ഐ.ജി റാങ്കുള്ള ഉദ്യോഗസ്ഥനായിരിക്കും ലഡാക്കിൽ പൊലീസ് തലപ്പത്തേക്ക് വരിക.