കൊച്ചി: കത്തോലിക്കാ രൂപതകളിലെ ഭീമമായ വിദേശഫണ്ട്തിരിമറികളെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യൻ കൗൺസിലും ആൾ കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകി.

ചാരിറ്റി പ്രവർത്തനങ്ങൾക്കെന്ന പേരിൽ വിദേശ സംഘടനകൾ നൽകുന്ന ആയിരക്കണക്കിന് കോടി രൂപ എറണാകുളം അങ്കമാലി അതിരൂപത, കൊച്ചി, വരാപ്പുഴ, കാഞ്ഞിരപ്പിള്ളി രൂപതകൾ നിയമം ലംഘിച്ച് ചെലവിട്ടു എന്നാണ് ആരോപണം. ഇത് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും വരെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പരാതിയിൽ പറയുന്നു.

ഇത്തരം സംഘടനകൾ സമർപ്പിക്കുന്ന വിദേശഫണ്ട് കണക്കുകളിൽ പൊരുത്തക്കേടുണ്ടായാൽ സ്വമേധയാ സി.ബി.ഐയ്ക്ക്കേസെടുക്കാം. ക്രമക്കേടുകളുണ്ടായെന്ന് കണ്ടെത്തിയിട്ടും പരാതികളൾ ഉയർന്നിട്ടും ഒരുവിധ അന്വേഷണവും നടക്കുന്നില്ലെന്നും

ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ സെക്രട്ടറി ജോർജ്ജോസഫും ആൾ കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ജോസഫ് വെളിവിലും സംയുക്തമായി

അമിത്ഷായ്ക്ക് നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്.

പരാതിയിലെ ആരോപണങ്ങൾ

• വരാപ്പുഴ, അങ്കമാലി അതിരൂപതകളിലും കാഞ്ഞിരപ്പിള്ളി, കൊച്ചി രൂപതകളിലും വൻ വിദേശഫണ്ട്ക്രമക്കേടുകൾ അവർ കേന്ദ്രസർക്കാരിൽ സമർപ്പിച്ച വിനിയോഗ സത്യവാങ്മൂലങ്ങളിൽ നിന്ന് വ്യക്തമാണ്.

• കേരളത്തിലെ 34 രൂപതകളും അവയ്ക്ക് കീഴിലെ വിവിധ സംഘടനകളും വർഷം തോറും ആയിരക്കണക്കിന് കോടി രൂപയുടെ വിദേശഫണ്ട് കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും വൻതിരിമറികളാണ് നടക്കുന്നത്.

• പാവപ്പെട്ട ഇടവകാംഗങ്ങൾക്കും മറ്റ് ദരിദ്രർക്കുമെന്ന പേരിൽ എത്തുന്ന ഈ ഫണ്ടുകളുടെ വിനിയോഗം സുതാര്യമല്ല. ബിഷപ്പുമാരോ ഒന്നോ രണ്ടോ പുരോഹിതരോ ചേർന്നാണ് വിനിയോഗം. അതുകൊണ്ട് തന്നെ തിരിമറികൾക്ക് ഒരുപാട് സാധ്യതയുണ്ട്.

• വിദേശഫണ്ട് പള്ളി, ആതുരാലയ, വിദ്യാലയ നിർമ്മാണങ്ങൾക്കും മത ആഘോഷങ്ങൾക്കും മറ്റും ഉപയോഗിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച കണക്കുകളിൽ പറയുന്നത്. എന്നാൽ ഇക്കാര്യങ്ങൾക്കായി അൽമായരിൽ നിന്ന് സഭകൾ വൻതോതിൽ വേറെ നിർബന്ധിത പിരിവുകളും നടത്തുന്നു.

• ഫണ്ട് വിനിയോഗം സംബന്ധിച്ച് 2016ൽ സമർപ്പിച്ച പരാതികളിൽ കേന്ദ്ര എഫ്.സി.ആർ.എ വിഭാഗം സഭകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല.