പറവൂർ : ഏറെ കൊട്ടിഘോഷിച്ച് നഗരത്തെ നിരീക്ഷിക്കാൻ സ്ഥാപിച്ച സി.സി ടി.വി കാമറകൾ ഒന്നൊന്നായി കണ്ണടച്ചു. കുറ്റകൃത്യങ്ങളോ അപകടങ്ങളോ ഉണ്ടായാൽ സ്വകാര്യ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കാമറകൾ തേടിപ്പോകേണ്ട ഗതികേടിലാണ് പൊലീസ്.

നഗരത്തിലെ ഗതാഗത നിയമലംഘനം, മാലിന്യംതള്ളൽ, കുറ്റകൃത്യങ്ങൾ എന്നിവ കണ്ടുപിടിക്കാനാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 24 കാമറകളുടെ നിയന്ത്രണം സർക്കിൾ ഇൻസ്പെക്ടർ ഓഫീസിലെ ഒന്നാം നിലയിലായിരുന്നു. ദൃശ്യങ്ങൾ ലഭിക്കുന്നതിനും സൂക്ഷിച്ചുവെയ്ക്കുന്നതിനും മോണിറ്ററുകളും ഹാർഡ്‌ഡിസ്കും സ്ഥാപിച്ചിരുന്നു. സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ ഇതിനായി നിയമിച്ചിരുന്നു. കാമറകൾ സ്ഥാപിച്ച് മാസങ്ങൾ കഴിയും മുമ്പ് ഓരോന്നായി പ്രവർത്തനരഹിതമായി. ഒരു വർഷം തികയുന്നതിനു മുമ്പ് എല്ലാ കാമറകളും കണ്ണടച്ചതോടെ മുറിപൂട്ടി. ഇവിടെ നിയമിച്ചിരുന്ന ഉദ്യോഗസ്ഥനെ മറ്റു ഡ്യൂട്ടിയിലേക്ക് മാറ്റി.

പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പള്ളിത്താഴം, ചേന്ദമംഗലം കവല, താലൂക്ക് ആശുപത്രി, സ്വകാര്യ ബസ് സ്റ്റാൻഡ്, കച്ചേരിമൈതാനം, നമ്പൂരിയച്ചൽ ആൽ, അമ്മൻകോവിൽ, മുനിസിപ്പൽ കവല, കണ്ണൻകുളങ്ങര, മാർക്കറ്റ്, കെ.എം.കെ കവല, തെക്കേനാലുവഴി, പുല്ലംകുളം, വഴിക്കുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലാണ് കാമറകൾ സ്ഥാപിച്ചത്. 25 ലക്ഷം രൂപയോളം ഇതിനു ചെലവിട്ടു.

കാമറ സ്ഥാപിച്ചത്...

ദീർഘദൂര ബസുകളുടെ നഗരം ചുറ്റാതെയുള്ള യാത്ര, അമിതവേഗം, റോഡരികിൽ അനധികൃതമായുള്ള മാലിന്യ തള്ളൽ തുടങ്ങിയവ നഗരത്തിൽ വർദ്ധിച്ചതോടെയാണ് കാമറകൾ സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. ഇത്തരം പ്രശ്നങ്ങളെല്ലാം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അമിതവേഗത്തിന്റെ ഫലമായി ഒട്ടേറെ അപകടങ്ങൾ ഉണ്ടാകുന്നു. റോഡരികിൽ ശൗചാചയ മാലിന്യമടക്കം തള്ളുന്നു. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച കാമറകൾ നശിച്ചിട്ടും നന്നാക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കുന്നില്ല.

പ്രവർത്തനസജ്ജമാക്കും

നീരീക്ഷണ കാമറകളെല്ലാം പ്രവർത്തനസജ്ജമാക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്തു പൊതുമരാമത്ത് വകുപ്പിൽ നിന്നനുവദിച്ച റോഡ്‌ സേഫ്റ്റി ഫണ്ട് ഉപയോഗിച്ചാണ് 24 കാമറകൾ സ്ഥാപിച്ചത്. റോഡ്‌ സേഫ്റ്റി ഫണ്ട് അനുവദിക്കുന്നതിനുള്ള അധികാരം ഇപ്പോൾ പൊലീസിനാണ്. പൊലീസും കളക്ടറുമടങ്ങുന്ന സമിതിയാണ് കാമറകൾ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും തുക അനുവദിക്കേണ്ടത്. പൊതുമരാമത്തു വകുപ്പ് ഇലക്‌ട്രോണിക്സ്‌ വിഭാഗത്തോട് പൊലീസുമായി ചേർന്ന് പരിശോധന നടത്താനും എസ്റ്റിമേറ്റ് തയ്യാറാക്കുവാനും നിർദ്ദേശിച്ചിട്ടുണ്ട്.

വി.ഡി.സതീശൻ എം.എൽ.എ