പൊള്ളയായ വാക്കുകൾ കൊണ്ട് നിങ്ങൾ എന്റെ സ്വപ്നങ്ങൾ കവർന്നെടുത്തു. എന്റെ ബാല്യം കവർന്നെടുത്തു. എന്നിട്ടും ഞാൻ ഈ ലോകത്തെ ഭാഗ്യമുള്ളവരിലൊരാളായി ജീവിക്കുന്നു. നമ്മുടെ പരിസ്ഥിതി അടപടലം വീഴുകയാണ്. ജനങ്ങൾ ദുരിതം പേറി നരകിച്ച് മരിക്കുന്നു. നമ്മൾ ഈ പ്രപഞ്ചത്തിൽ നിന്നും തുടച്ചു നീക്കപ്പെടുന്നതിന്റെ തുടക്കമാണിത്. എന്നിട്ടും നിങ്ങൾ സമ്പത്തിനെക്കുറിച്ചും ഉപരിപ്ളവമായ സാമ്പത്തിക പുരോഗതിയെക്കുറിച്ചും വാചാലരാകുന്നത് എന്തു ധൈര്യത്തിലാണ് ? ഈ ചതി ലോകയുവത്വം മനസിലാക്കിയിരിക്കുന്നു. ഭാവിതലമുറയുടെ കണ്ണുകൾ നിങ്ങളിലാണ്. നിങ്ങൾ ഇനിയും ഞങ്ങളെ തോൽപ്പിച്ചാൽ അതിന് മാപ്പില്ല". യു.എൻ. കാലാവസ്ഥ ഉച്ചകോടിയിൽ ഗ്രേറ്റ ട്യൂൻബർഗ് എന്ന പതിനാറുകാരിയായ സ്വീഡിഷ് പെൺകുട്ടിയുടെ വാക്കുകൾ ഉപഭോഗസംസ്കാരത്തിന്റെ ആലസ്യത്തിലാണ്ടു കിടക്കുന്ന സമകാലിക സമൂഹത്തെ ചുട്ടുപൊള്ളിക്കുന്ന അഗ്നിവർഷമായി തീർന്നിരിക്കുന്നു. ഗ്രേറ്റ എന്ന മിടുക്കി കഴിഞ്ഞ വർഷം തുടക്കമിട്ട ''ഫ്രൈഡെയ്സ് ഫോർ ഫ്യൂച്ചർ" എന്ന ഒറ്റയാൾ പോരാട്ടമാണ് ഇന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കുട്ടികൾ ഏറ്റെടുത്തിരിക്കുന്നത്.
പരിസ്ഥിതി സ്നേഹം സെമിനാറുകളും പ്രബന്ധങ്ങളും മാത്രമായി ഒതുങ്ങുന്ന ഇക്കാലത്ത്ഭൂമിയെ രക്ഷിക്കാനുള്ള പുതുതലമുറയുടെ മുന്നേറ്റമാണിത്. പരിസ്ഥിതിയെ ചൂഷണം ചെയ്ത് നമ്മൾ കൂട്ടി വയ്ക്കുന്ന സമ്പത്ത് ആർക്കു വേണ്ടിയാണ് ? വരുംതലമുറയ്ക്ക് ജീവിക്കാനൊരു ഭൂമിയും പ്രകൃതിയും നാം ബാക്കി വയ്ക്കുന്നില്ലെങ്കിൽ ഈ സമ്പാദ്യങ്ങൾ കൊണ്ടെന്തുകാര്യം? വായുവും അന്നവും ജലവും മണ്ണും ഇല്ലാതായാൽ ജീവിക്കുന്നതെങ്ങനെ?
കേരളത്തിൽ പോലും മുൻപെങ്ങുമില്ലാത്ത പ്രളയവും വരൾച്ചയും സൂര്യാഘാതവും അതിവർഷവും കടലാക്രമണവും പകർച്ചവ്യാധികളുമൊക്കെ ആരുടെ സൃഷ്ടിയാണ് ? അനധികൃത ഖനനങ്ങൾ, കൈയേറ്റങ്ങൾ,വനനശീകരണങ്ങൾ, കായൽ - പുഴ- വയൽ നികത്തലുകളും, ഭൂമിയെ മാലിന്യകൂമ്പാരമാക്കി മാറ്റുന്നതും വികസനത്തിന്റെ പേരിലുള്ള കപടനാടകങ്ങളല്ലേ? ഈ നെട്ടോട്ടം എവിടെ ചെന്നവസാനിക്കുമെന്ന് ചിന്തിച്ചേ പറ്റൂ എന്ന് ഗ്രേറ്റ ഓർമ്മപ്പെടുത്തുന്നു.
95 വർഷം മുമ്പ് ശ്രീനാരായണ ഗുരുദേവൻ ആലുവാ അദ്വൈതാശ്രമത്തിന്റെ മുറ്റത്തുവച്ച് സഹോദരൻ അയ്യപ്പനോടും കൂടെയുള്ള ചെറുപ്പക്കാരോടും നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗം ഗ്രേറ്റയുടെ പ്രസംഗത്തോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്.
'ഒടുങ്ങാത്ത ആവശ്യങ്ങൾ മനുഷ്യനല്ലാതെ മറ്റൊരു മൃഗത്തിനും ഇല്ല. അവൻ ഭൂമുഖത്തെല്ലാം സംഹാരതാണ്ഡവം ചെയ്തുകൊണ്ടു നടക്കുന്നു. പോകുന്നിടത്തെല്ലാം ശൂന്യതയുടെ കരിനിഴൽ പരത്തുന്നു. മരങ്ങളെല്ലാം വെട്ടിനശിപ്പിക്കുന്നു. പ്രകൃതിയെ വികൃതമാക്കി ശൂന്യതയിലാഴ്ത്തുന്നു. അതിനു പകരം വൃത്തികെട്ട പുകനിറഞ്ഞ പട്ടണങ്ങൾ പണിത് കൂട്ടുന്നു. കടിഞ്ഞാണില്ലാത്ത അവന്റെ ലോഭത്തിന് ഇതെല്ലാം അനിവാര്യമാണ്. ഭൂമുഖം കൊണ്ടു മാത്രം അവൻ തൃപ്തനാകുന്നില്ല. ഭൂഗർഭത്തിലേക്ക് തുരന്നുകയറി ഈ ഗ്രാമത്തിന്റെ തന്നെ കെട്ടുറപ്പ് തകർത്തുകളയുന്നു. നോക്കുന്നിടത്തെല്ലാം കൽക്കരിയും ഇരുമ്പും തന്നെ. അവന് യാതൊരു വ്യവസ്ഥയുമില്ല. മറ്റുള്ള മൃഗങ്ങളെക്കാൾ ബുദ്ധിമാനെന്ന് അഹങ്കരിക്കുന്ന മനുഷ്യന് അവൻ സ്വയം എന്ത് ചെയ്യുന്നു എന്ന് അറിഞ്ഞുകൂടാ. ഹൊ! മനുഷ്യൻ. അവൻ എല്ലാം നശിപ്പിക്കും. വനത്തിലെ വാനരന്മാർക്കും പക്ഷികൾക്കും മനുഷ്യൻ കാരണം സ്വൈര്യതയില്ലാതായി തീർന്നിരിക്കുന്നു. മനുഷ്യൻ തനിക്ക് വരുത്തിക്കൂട്ടുന്ന വംശനാശത്തിൽ മറ്റു ജീവികളെ കൂടിപ്പെടുത്താതെ നിശ്ശേഷം നശിച്ച് വെണ്ണീറായി പോയിരുന്നെങ്കിൽ, മറ്റു ജീവികൾ അതൊരു അനുഗ്രഹമായി കരുതുമായിരുന്നു" (ഗുരുവരുൾ - നടരാജഗുരു)
''ശ്രീനാരായണ ഗുരുവിന്റെ ജനനം നമ്മുടെ മഹാഭാഗ്യമാണ് " എന്ന് പ്രസ്താവിച്ച നമ്മുടെ പ്രധാനമന്ത്രി ഗുരുവിന്റെ ഈ മൊഴികൾ വായിച്ചിരുന്നുവെങ്കിൽ യു.എൻ ഉച്ചകോടിയിൽ അഭിമാനത്തോടെ ഉറക്കെ പറയുമായിരുന്നു. സെമിറ്റിക് മതങ്ങൾക്ക് ദൈവം സ്രഷ്ടാവും മറ്റെല്ലാം സൃഷ്ടികളുമാണ്. അതിലെ തന്നെ മനുഷ്യനു വേണ്ടിയാണ് മറ്റെല്ലാ സൃഷ്ടികളും. പക്ഷേ സനാതന ധർമ്മമനുസരിച്ച് ഗുരു 'ദൈവദശക"ത്തിൽ പറഞ്ഞതുപോലെ 'സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവും സൃഷ്ടിക്കുള്ള സാമഗ്രി"യും എല്ലാം ദൈവം തന്നെ. അതിനാൽ പ്രകൃതിയിലെ ഏതൊന്നിന്റെയും നാശം സർവനാശമായിത്തീരും. ഭാരതീയ സംസ്കൃതി അനുസരിച്ച് പ്രകൃതി ദേവിയാണ്, അമ്മയാണ്. പെറ്റമ്മയിൽ നിന്നു വന്നാൽ ഏതൊരു ജീവിക്കും വായുവും ജലവും അന്നവും ആയി മരണം വരെ പ്രകൃതിയാകുന്ന പോറ്റമ്മ തന്നെ വേണം. '' അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീ ഒന്നുതന്നെ ഞങ്ങൾക്ക് തമ്പുരാൻ". ഈ ധന്യത മനുഷ്യരൊഴികെ സർവചരാചരങ്ങളും അനുഭവിക്കുന്നുമുണ്ട്. നമുക്ക് ധന്യത, ബാങ്കിൽ നിക്ഷേപിക്കുന്ന പണമോ ലോക്കറിൽ സൂക്ഷിക്കുന്ന പൊന്നോ വെട്ടിപിടിക്കുന്ന ഭൂമിയോ ഒക്കെയാണ്. ഈ ശരീരം പോലും അല്പകാലം പാർക്കാൻ വേണ്ടി പ്രകൃതി കനിഞ്ഞുതന്ന വാടകവീടാണെന്ന് നാമറിയുന്നില്ല. ഈ അജ്ഞതയാണ് ഒടുങ്ങാത്ത ആർത്തിയിലേക്ക് നയിക്കുന്നത്.
'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം" എന്ന ഗുരുവരുളിന്റെ പൊരുളറിയാതെ സ്വന്തം സുഖത്തിനുവേണ്ടി മറ്റുള്ളവയെ ദു:ഖത്തിലും ദുരിതത്തിലും ആഴ്ത്താൻ ശ്രമിക്കുന്ന ന്യൂനപക്ഷമാണ് പ്രകൃതിയുടെ സമനില നഷ്ടപ്പെടുത്തുന്നത്. വേട്ടക്കാരനും ഇരയ്ക്കുമൊപ്പം ഒരു പോലെ ഓടുന്ന വർഗത്തിന് വോട്ടും നോട്ടും മാത്രമാണ് ലക്ഷ്യം.
ഇത്തവണ ജലപ്രളയമല്ല മൺപ്രളയമാണ് പുത്തുമലയിലും കവളപ്പാറയിലും സഹജീവികളെ കൊന്നൊടുക്കിയത്. കവളപ്പാറയിൽ ചത്തുമലച്ചു കിടന്ന കുരങ്ങൻ കുഞ്ഞും, മരത്തിൽ ചത്തു മരവിച്ചിരിക്കുന്ന മലയണ്ണാനും ഗുരുവിന്റെ വാക്കുകൾ സങ്കടത്തോടെ നമ്മെ ഓർമ്മപ്പെടുത്തുന്നു. മനുഷ്യർ മാത്രമല്ല ഭൂമിയുടെ അവകാശികൾ. മനുഷ്യർ അവകാശികളായിട്ട് രണ്ടുലക്ഷത്തോളം വർഷങ്ങളേ ആകുന്നുള്ളൂ. ഭൂമിയിൽ ഏറ്റവും അവസാനമെത്തിയ അവരാണ് മറ്റുള്ളവയുടെ അന്തകരായി മാറുന്നത്.
ക്വാറികളുടെയും റിസോർട്ടുകളുടെയും മാളുകളുടെയും ഫ്ളാറ്റുകളുടെയും എണ്ണത്തിൽ നാം വികസിച്ചുകൊണ്ടേയിരിക്കുകയാണ്. വികാസം പുറത്തുമാത്രം സംഭവിക്കേണ്ട ഭൗതികമായ ഒന്നല്ലെന്നും അകത്തു സംഭവിക്കേണ്ട ആത്മീയമായ ഒന്നാണെന്നും തിരിച്ചറിഞ്ഞേ പറ്റൂ. അതല്ലാത്തപക്ഷം ഈ അറിവുകേടിന് വലിയ വില കൊടുക്കേണ്ടി വരും.
അറിയാതെയെങ്കിലും ഗുരുവിന്റെ ദർശനം ഏറ്റുവാങ്ങി യു.എൻ ഉച്ചകോടിയിൽ അവതരിപ്പിച്ച ഗ്രേറ്റമോൾക്ക് ശതകോടി പ്രണാമം! കാലം ആവശ്യപ്പെട്ട പ്രസംഗം ആ മിടുക്കി അവസാനിപ്പിച്ചത് ഇങ്ങനെ. ''ഇങ്ങനെ മുന്നോട്ടുപോകാൻ ഞങ്ങൾ സമ്മതിക്കില്ല. ഇവിടെ ഈ നിമിഷം ഞങ്ങളൊരു നിയന്ത്രണരേഖ വരയ്ക്കുകയാണ്. ലോകം ഉണർന്നു കഴിഞ്ഞു. മാറ്റം അനിവാര്യമാണ്. നിങ്ങൾക്കിഷ്ടമായാലും ഇല്ലെങ്കിലും". ഈ വാക്കുകൾ സത്യമാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.'ഒരു പീഡയെറുമ്പിനും വരുത്തരുതെന്ന്'' പ്രാർത്ഥിച്ച അനുകമ്പാ മൂർത്തിയായ ഗുരുദേവൻ ഈ പ്രാർത്ഥന കേൾക്കാതിരിക്കില്ല.
ലേഖികയുടെ ഫോൺ: 9446217876