സന്ധിവാതരോഗങ്ങളിൽ ഏറ്റവുമധികം പ്രയാസമനുഭവിക്കുന്നത് ആമവാത രോഗികളാണ്. കൈകാലുകൾ, കഴുത്ത് തുടങ്ങിയ സന്ധികളിൽ തീവ്രമായ വേദനയും നീരുമുണ്ടായിരിക്കും. ദുഷ്ടമായ ആഹാരരസം രസധാതു വഴി ശരീരത്തിലെ ശ്ലേഷ്മസ്ഥാനങ്ങളിൽ (lymphoid tissue) എത്തുന്നു. തന്മൂലം ദഹനക്കേടുണ്ടാകയും രുചിയില്ലായ്മ, എപ്പോഴും വായിൽ ഉമിനീർ നിറയുക, ശരീരത്തിന് കനം, ഉത്സാഹക്കുറവ്, വയറ്റിൽ വേദനയും കട്ടിപ്പും, മൂത്രം അധികമായി പോവുക, വെള്ളദാഹം, ഛർദ്ദി, തലതിരിച്ചിൽ, കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങൾക്ക് തളർച്ച തോന്നുക, നെഞ്ചുവേദന, മലബന്ധം, ഉറക്കക്കുറവ് തുടങ്ങിയവയും രോഗലക്ഷണങ്ങളായി അനുഭവപ്പെടാം.
മിക്കവാറും പനിയും ദഹനക്കേടുമായിരിക്കും രോഗാരംഭം. ദേഹം നുറുങ്ങിനോവും. സന്ധികളിൽ തേൾ കുത്തുന്നതുപോലുള്ള വേദനയും അനുഭവപ്പെടും. വിരുദ്ധ സ്വഭാവമുള്ള ആഹാരം കഴിക്കുക, പതിവില്ലാത്ത പ്രവൃത്തികൾ ചെയ്യുക, വ്യായാമക്കുറവ്, എണ്ണമയമുള്ള ആഹാരം കഴിച്ച ഉടൻ ജോലി ചെയ്യുക തുടങ്ങിയ കാരണങ്ങളാൽ ദഹനശക്തി കുറയുകയും ആഹാരം ദഹിക്കാതിരിക്കുകയും ശരിയായ ധാതുപരിണാമം നടക്കാതെ വരികയും ചെയ്യുന്നു. ഇത് ആമാശയത്തിൽ ഒരു വിഷസ്വഭാവമുണ്ടാക്കിത്തീർക്കുന്നു. ശരീരം അതിന് എതിരെ പ്രതികരിക്കുന്നതാണ് പനി.
വിഷമയമായിത്തീർന്ന അന്നരസം രക്തത്തിൽ ലയിച്ച് ആഗിരണം ചെയ്യപ്പെടുന്നു. ദുഷിച്ച രക്തം ശരീരത്തിലാകമാനം സഞ്ചരിച്ച് സന്ധികളിൽ ചുവപ്പുനിറം, ചൂട്, വേദന, ചൊറിച്ചിൽ എന്നീ ലക്ഷണങ്ങളുണ്ടാക്കുന്നു. ഈ രക്തം ഹൃദയത്തലെത്തുമ്പോൾ നെഞ്ചുവേദനയും അനുഭവപ്പെടാം. എല്ലാ സ്രോതസുകളുടെയും പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതിനാലാണ് മേൽ സൂചിപ്പിച്ച മറ്റു പ്രയാസങ്ങളും അനുഭവപ്പെടുന്നത്. ശുദ്ധാശുദ്ധരക്തങ്ങൾ തമ്മിൽ കലരാനിടയാകുന്നതോടെ രക്തം കൂടുതൽ വിഷലിപ്തമാകുന്നു. ഇതാണ് സന്ധികളിൽ നീരും വേദനയും മറ്റും ഉണ്ടാക്കുന്നത്.
മാറിമാറി വരും
സന്ധികളിലെ വീക്കവും പ്രയാസങ്ങളും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറിമാറി വന്നുകൊണ്ടിരിക്കും. വലിയ സന്ധികളെ (കാൽമുട്ട്, അരക്കെട്ട്, തോൾസന്ധി മുതലായവ) കൂടുതലായി ബാധിക്കുന്നു. വീക്കം കൂടുതലായിരിക്കും.
ഡോ. അശ്വിൻ ശങ്കർ
ഫിസിഷ്യൻ, കോട്ടയ്ക്കൽ ആര്യവൈദ്യശാല,
ചേർത്തല.
ഫോൺ: 9947677751.