കൊച്ചി: എട്ടുമാസം തികയുന്നതിന് മുൻപ് തന്നെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ റെറ്റിനയിലെ രക്തക്കുഴലുകൾ പൂർണ്ണ വളർച്ച എത്തിയിട്ടുണ്ടാവില്ല. നവജാതശിശു ഇൻകുബേറ്റർ തുടങ്ങിയ പരിചരണത്തിൽ കഴിയുമ്പോൾ ക്രമരഹിതവും ദുർബലവുമായ രക്തക്കുഴലുകൾ ഉണ്ടായി രക്തസ്രാവമുണ്ടാക്കുന്നു. ഇത് റെറ്റിനയിൽ പാടുകളുണ്ടാക്കുകയും കൂടുതൽ വഷളായി ആന്തരിക പ്രതലത്തിൽ നിന്ന് റെറ്റിനയെ വേർപ്പെടുത്തി അന്ധതയ്ക്ക് വരെ കാരണമാകുമെന്നും ഡോ. എ.ഗിരിധർ പറഞ്ഞു. ഗിരിധർ ഐ ഇൻസ്റ്റിട്ട്യൂട്ടും എസ്.എസ്.എം.ഐ റിസർച്ച് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച മെഡിക്കൽ റെറ്റിനയെക്കുറിച്ചുള്ള ദേശീയ സമ്മേളനം ഹോട്ടൽ ക്രൗൺ പ്ലാസയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.ലിങ്കംഗോപാൽ, ഡോ. പർവീൺ സെൻ, ഡോ.മീന ചക്രവർത്തി, ഡോ.രാജ നാരായണൻ, ഡോ. ചൈത്ര ജയദേവ്, ഡോ.തോമസ് ചെറിയാൻ, ഡോ.ഗോപാൽ എസ്.പിള്ള, ഡോ.രാജേഷ്.പി, ഡോ.പ്രകാശ് വി.എസ്, ഡോ.മനോജ് സോമൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. ഗർഭകാലം പൂർത്തിയാകുന്നതിന് മുൻപ് ജനിക്കുന്ന ശിശുക്കളിൽ അന്ധതയ്ക്ക് കാരണമാകുന്ന റെറ്റിനോപ്പതി ഓഫ് പ്രീമെച്യുരിറ്റി (ആർഒപി) അവസ്ഥകൾ സമ്മേളനത്തിൽ പ്രധാന ചർച്ചാ വിഷയമായി. കേരള സൊസൈറ്റി ഒഫ് ഒഫ്താൽമിക് സർജൻസ്, നാഷണൽ നിയോനാറ്റോളജി ഫോറം കേരളം, കൊച്ചി ഒഫ്താൽമിക് ക്ലബ് എന്നിവയുടെ പിന്തുണയോടെ സംഘടിപ്പിച്ച സമ്മേളനത്തിൽ ഇരുന്നൂറിലധികം നേത്രരോഗവിദഗ്ദ്ധരും നിയോനാറ്റോളജിസ്റ്റുകളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്ഗ്ദരും പങ്കെടുത്തു.