നെടുമ്പാശേരി: പ്ലാസ്റ്റിക് മുക്ത കേരളം എന്ന ലക്ഷ്യത്തിന് കുന്നുകര പഞ്ചായത്തിനൊപ്പം കൈകോർക്കാൻ പ്രദേശത്തെ പ്രവാസി കൂട്ടായ്മയായ കെ.എം.വൈയും രംഗത്ത്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിച്ചെടുക്കുന്നതിന് കുറ്റിപ്പുഴ കൃസ്തുരാജ് ഹൈസ്‌കൂളിൽ പരിപാടിക്ക് തുടക്കമായി. പ്‌ളാസ്റ്റിക് ബാഗുകൾ, ഇതര പ്ലാസ്റ്റിക്കുകൾ, കുപ്പികൾ എന്നിവ നിക്ഷേപിക്കുന്നതിന് രണ്ട് വേസ്റ്റ് ബിന്നുകളും സ്‌കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ബോധവത്കരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. സേവ്യർ ആവള്ളി, പി.ടി.എ പ്രസിഡന്റ് പി.ടി. സാബു, ഹെഡ്മിസ്ട്രസ് ലീന, കെ.എം.വൈ ഭാരവാഹികളായ നൗഷാദ് മാനായിക്കുടം, എം.എ. നൗഷാദ്, ജഅഫർ, ടി.കെ റഷീദ്, എം.എസ് ഷിബു, എം.ജെ സിയാദ്, ഷിജു പാറത്തേമാലിൽ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.